ദില്ലി/ തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ യുഎഇ അറ്റാഷെ റഷീദ് ഖാമിസ് അൽ അഷ്മിയ  ഇന്ത്യ വിട്ടു. നയതന്ത്ര ചാനൽ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിൽ പ്രതികളെ ദേശീയ അന്വേഷണ ഏജൻസിയും കസ്റ്റംസും അടക്കം ചോദ്യം ചെയ്തതിന് പിന്നാലെയാണ് യുഎഇ അറ്റാഷെ ഇന്ത്യ വിട്ടത് . കഴിഞ്ഞ ഞായറാഴ്ചയാണ് അറ്റാഷെ തിരുവനന്തപുരത്തു നിന്നും ദില്ലിയിലേക്ക് പോയത്. 

അറ്റാഷെയുടേ പേരിൽ വന്ന നയതന്ത്ര ബാഗിലാണ് സ്വര്‍ണമെത്തിയത്. ബാഗ് ഒരു കാരണവശാലും തുറക്കരുതെന്ന് അറ്റാഷെ സമ്മർദ്ദം ചെലുത്തിയിരുന്നു,  എൻഐഎ കോടതിയിൽ  കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോൾ സ്വര്‍ണക്കടത്ത് കേസിലെ പ്രതികൾ അറ്റാഷെയുടെ പങ്ക് അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ അറ്റാഷെയിൽ നിന്ന് അറിയാനുണ്ടെന്നിരിക്കെയാണ് അറ്റാഷെ യുഎഇ യിലേക്ക് പോയത്. 

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘം നയതന്ത്ര ചാനൽ വഴിയെത്തിയ ബാഗ് പരിശോധനക്കായി കസ്റ്റഡിയിലെടുത്തപ്പോൾ ബാഗ് തുറക്കരുതെന്ന് ആവശ്യപ്പെട്ട് വലിയ സമ്മർദ്ദമാണ് അറ്റാഷെയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഔദ്യോഗിക വേഷത്തിൽ കസ്റ്റംസ് ഓഫീസിലെത്തി ഉദ്യോഗസ്ഥരോട് ക്ഷുഭിതനാകുന്ന സാഹചര്യം വരെ ഉണ്ടായി. ബാഗ് നയതന്ത്ര ബാഗ് അല്ലെന്ന് യുഎഇ വ്യക്തമാക്കിയിരുന്നു. 

അറ്റാഷെയും പ്രതികളും തമ്മിൽ നിരന്തരം ഫോണിൽ സംസാരിച്ചിരുന്നു എന്ന വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. അറ്റാഷെയും സരിത്തും തമ്മിൽ ജൂലൈ 3നും 5നും ഫോണ് വിളികൾ നടന്നിട്ടുണ്ടെന്നാണ് കോൾ രജിസ്റ്റര്‍ പരിശോധിക്കുമ്പോൾ മനസിലാകുന്നത്. അറ്റാഷെയും സ്വപ്നയും തമ്മിൽ ജൂണ് 1 മുതൽ 117 വിളികൾ. ജൂലൈ 1 മുതൽ 4 വരെ 35 തവണ ഫോണിൽ വിളിച്ചു. ജൂലായ് 3ന് 20 തവണ ഫോണിൽ വിളിച്ചു