കൊച്ചി: സ്വർണക്കടത്ത് കേസിൽ സംശയത്തിന്റെ നിഴലിൽ നിൽക്കെ യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു. അറ്റാഷെയെ ചോദ്യം ചെയ്യാനായി എൻഐഎയും കസ്റ്റംസും അപേക്ഷ നൽകിയതിന് പിന്നാലെയാണ് മടക്കം. അറ്റാഷയെ കൂടാതെ യുഎഇ കോൺസിൽ ജനറലിനെയും സ്വർണക്കടത്ത് കേസിലെ മുഖ്യകണ്ണിയായ സ്വപ്ന നിരവധി തവണ വിളിച്ചതായാണ് ഫോൺരേഖകൾ

സ്വർണമടങ്ങിയ നയതന്ത്ര ബാഗ് തുറക്കാനുള്ള കസ്റ്റംസ് നീക്കത്തെ ശക്തമായി എതിർത്തത് യുഎഇ കോൺസിലിലെ അറ്റാഷെ റാഷദ് അൽ ഷെമെയ്ലിയാണ്. അറ്റാഷെയുടെ പേരിലാണ് കഴിഞ്ഞ 30-ാം തീയതി സ്വർണം കടത്തിയ ബാഗ് എത്തിയത്. നയതന്ത്ര പരിരക്ഷയുള്ള ബാഗ് തുറക്കാൻ അനുവദിക്കില്ലെന്നും തുറക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സരിത്തിനൊപ്പം എത്തിയ അറ്റാഷെ കംസ്റ്റസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരുന്നു. 

എന്നാൽ ഭീഷണിക്ക് വഴങ്ങാതെ അറ്റാഷെയുടെ സാന്നിധ്യത്തിൽ തന്നെ അഞ്ചിന് ബാഗ് തുറക്കുകയും സ്വർണം പിടികൂടുകയും ചെയ്തു. അറ്റാഷെയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് പിടിയിലായ സ്വപ്നയും അറ്റാഷെയ്ക്കെതിരെ എൻഐഎയ്ക്ക് മൊഴി നൽകി. അറ്റാഷെയുടെ പങ്ക് അന്വേഷിക്കണമെന്ന് സന്ദീപ് നായരും എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെ അന്വേഷണ ഏജൻസികൾ അറ്റാഷയെ ചോദ്യം ചെയ്യാനുള്ള അനുമതി തേടി കേന്ദ്രസർക്കാരിനെ സമീപിച്ചു. 

സ്വർണക്കേസിൽ നിർണായക നീക്കങ്ങൾ  നടക്കുന്നതിനിടെയാണ് പത്തിന് തിരുവനന്തപുരത്ത് നിന്നും അറ്റാഷെ ദില്ലിയിലെത്തിയത്. രണ്ട് ദിവസം മുമ്പ് നാട്ടിലേക്കും മടങ്ങി.   ഇന്നാണ് അന്വേഷണ ഏജൻസികൾ അറ്റാഷെ രാജ്യം വിട്ട കാര്യം സ്ഥിരീകരിച്ചത്.  അതേസമയം സംശയത്തിന്റെ നിഴലിലായിരുന്നുവെങ്കിലും നയതന്ത്ര ഉദ്യോഗസ്ഥനായ അറ്റാഷെയ്ക്ക് യാത്രാവിലക്കൊന്നും ഉണ്ടായിരുന്നില്ല. അറ്റാഷെയെ ചോദ്യം ചെയ്യണമെന്ന ആവശ്യപ്പെട്ടുള്ള കത്തിനോട് യുഎഇ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ  അറിയിച്ചത്. 

അതേസമയം ആദ്യ കത്തിന് പ്രതികരണമില്ലാത്തതിനാൽ വീണ്ടും കത്ത് നൽകിയിട്ടുണ്ടെന്നും  അറ്റാഷെ നാട്ടിലേക്ക് പോയതുൾപ്പടെയുള്ള കാര്യങ്ങളെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി