Asianet News MalayalamAsianet News Malayalam

'കസ്റ്റംസുമായി സഹകരിക്കും, കോണ്‍സുലേറ്റിൽ ആര്‍ക്കും പങ്കില്ല': യുഎഇ സ്ഥാനപതി

സമഗ്രമായ അന്വേഷണം നടത്തി പിന്നിലുള്ളവരെ പുറത്തു കൊണ്ടു വരണമെന്നും സ്ഥാനപതി. ഡിപ്ലോമാറ്റിക്ക് ബാഗിൽ സ്വർണ്ണം കടത്തിയ കേസിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി.

UAE offers full cooperation to Indian customs authorities
Author
Delhi, First Published Jul 7, 2020, 3:33 PM IST

ദില്ലി: സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസുമായി സഹകരിക്കുമെന്ന് യുഎഇ സ്ഥാനപതി. കോണ്‍സുലേറ്റിലെ ആര്‍ക്കും പങ്കില്ലെന്നാണ് പ്രാഥമിക നിഗമനം. നയതന്ത്ര ചാനലിനെ കുറിച്ച് അറിയുന്ന ഒരാള്‍ അത് ദുരുപയോഗം ചെയ്തു. സമഗ്രമായ അന്വേഷണം നടത്തി പിന്നിലുള്ളവരെ പുറത്തു കൊണ്ടു വരണമെന്നും സ്ഥാനപതി ആവശ്യപ്പെട്ടു. അതേസമയം ഡിപ്ലോമാറ്റിക്ക് ബാഗിൽ സ്വർണ്ണം കടത്തിയ കേസിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി. ഇന്ത്യ-യുഎഇ നയതന്ത്രബന്ധത്തെ ബാധിക്കാത്ത തരത്തിൽ അന്വേഷണം മുന്നോട്ടു  കൊണ്ടുപോകുന്നത് കേന്ദ്ര ഏജൻസികൾക്ക് വലിയ തലവേദനയാകുകയാണ്.

കേരളത്തിലേക്ക് ഡിപ്ലോമാറ്റിക്ക് ബാഗിൽ സ്വർണ്ണക്കടത്ത് നടത്തിയ സംഭവം നയതന്ത്ര തലത്തിൽ വലിയ വിവാദത്തിനാണ് വഴിവെച്ചത്. നയതന്ത്ര സൗകര്യം ഉപയോഗിച്ച് യുഎഇയിൽ നിന്ന് സ്വർണ്ണം എത്തിയ സംഭവത്തെ ഏറെ ഗൗരവത്തോടെയാണ് കേന്ദ്രസർ‍ക്കാർ കാണുന്നത്. ഇന്ത്യയോട് വളരെ അടുത്ത ബന്ധമുള്ള രാജ്യമാണ് യുഎഇ. അതിനാൽ യുഎഇയെ  വിശ്വാസത്തിൽ എടുത്തെ ഇക്കാര്യത്തില്‍  ഇന്ത്യ തുടർ നടപടികൾ സ്വീകരിക്കു.

നിലവിൽ കസ്റ്റംസിൽ നിന്ന്  ഐബിയും റോയും അടക്കമുള്ള രഹസ്യാന്വേഷണ ഏജൻസികൾ വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞു. ദുബായിൽ നിന്ന് തുറമുഖങ്ങൾ വഴിയും വിമാനത്താവളങ്ങിലൂടെയും സ്വർണ്ണക്കടത്ത് വ്യാപകമാകുന്നത് രഹസ്യാന്വേഷണ എജൻസികൾ  അന്വേഷിച്ച് വരുന്നതിനിടെയാണ് പുതിയ സംഭവം. പിടിയിലായ മുൻ പിആർഒ സരിത്ത്  കോൺസുലേറ്റിലെ  മൂന്നാമത്തെ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പെട്ടി കൈമാറുന്നതെന്ന് മൊഴി നൽകിയിട്ടുണ്ട്. നയതന്ത്ര പരിരക്ഷയുള്ള ഈ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യണമെങ്കിൽ യുഎഇയുടെ അനുമതി വേണ്ടി വരും. ആവശ്യമെങ്കിൽ യുഎഇയെ വിശ്വാസത്തിലെടുത്ത് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകൂവെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. 

Follow Us:
Download App:
  • android
  • ios