തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിൽ സംഭവത്തിൽ സിപിഎം ഇടപെടില്ല. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. യുഎപിഎ സമിതി ഇക്കാര്യത്തിൽ തീരുമാനം എടുക്കട്ടേയെന്ന് സിപിഎം തീരുമാനിച്ചു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാക്കൾ അറസ്റ്റിലാകുകയും യുഎപിഎ ചുമത്തുകയും ചെയ്ത സാഹചര്യം വളരെ ഗുരുതരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി. കോഴിക്കോട് ജില്ലാ കമ്മിറ്റി തന്നെ ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിനാലാണ് രാഷ്ട്രീയമായ ഇടപെടൽ വേണ്ടെന്ന് തീരുമാനിച്ചത്. അതേസമയം പിടിയിലായ രണ്ട് പേര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് കോഴിക്കോട് ജില്ലാ കമ്മിറ്റി നൽകിയിരിക്കുന്ന റിപ്പോര്‍ട്ട്. 

അതേസമയം അലനും താഹക്കും എതിരായ പാര്‍ട്ടിയിൽ നടപടി ഉടൻ വേണ്ടെന്നാണ് തീരുമാനം.  നിയമ നടപടികള്‍ അതിന്‍റെ വഴിക്ക് പോകട്ടെയെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. യുഎപിഎ സമിതി എടുക്കുന്ന നിലപാടിന് അപ്പുറം മറ്റ് ഇടപെടൽ വേണ്ടെന്നാണ് പാര്‍ട്ടിയോഗം വിലയിരുത്തിയത്. 

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവം പാര്‍ട്ടിക്കകത്തും പുറത്തും വലിയ വിവാദമായ പശ്ചാത്തലത്തിൽ കൂടിയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നത്. പന്തീരാങ്കാവിൽ രണ്ട് യുവാക്കൾ അതും സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ സംഭവത്തിൽ നിലപാട് വിശദീകരിക്കാൻ പോലും കഴിയാത്ത വിധം സിപിഎം പ്രതിരോധത്തിലുമായിരുന്നു. യുഎപിഎ കരിനിയമമാണെന്ന് ദേശീയതലത്തിൽ ആവര്‍ത്തിച്ച് പറയുന്ന പാര്‍ട്ടി, അതിന്‍റെ പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തിൽ അതേ വകുപ്പ് ചുമത്തി യുവാക്കളെ അകത്തിട്ടതാണ് വിമര്‍ശനത്തിന് ബലമേകിയത്. 

മുന്നണി ഘടകകക്ഷികളും പ്രതിപക്ഷവും മാത്രമല്ല പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കൾ വരെ പൊലീസ് നിലപാട് തള്ളി പരസ്യമായി രംഗത്തെത്തിയിരുന്നു. അതേസമയം നടപടിയെ ആദ്യാവസാനം ന്യായീകരിക്കുന്ന നിലപാടാണ് പൊലീസും മുഖ്യമന്ത്രിയും ഇതുവരെ കൈക്കൊണ്ടതെന്നതും ശ്രദ്ധേയമാണ്.