ചരിത്രം പരിശോധിച്ചാൽ എല്ലാ സ്വേച്ഛാധിപതികളുടെയും അന്ത്യം ദയനീയമാണെന്ന് കുറിച്ച സബിത, അർബൻ സെക്കുലർ അമ്മ എന്ന പരാമർശത്തോടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കോഴിക്കോട്: യുഎപിഎ ചുമത്തി അലൻ ഷുഹൈബിനെ അറസ്റ്റ് ചെയ്തതിൽ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും പരോക്ഷമായി വിമർശിച്ച് അലന്‍റെ അമ്മ സബിത ശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അലൻ ഷുഹൈബിന് പുതുവത്സര സന്ദേശം കൈമാറുന്ന കുറിപ്പിലാണ് വിമർശനമുള്ളത്.
ശാരീരികമായി മാത്രമേ ജയിലിലടക്കാൻ സാധിക്കുകയുള്ളൂവെന്നും ചിന്തകളെ തടവിലിടാൻ ഒരു ഭരണകൂടത്തിനും സാധിക്കില്ലെന്നും അലനോട് സബിത പോസ്റ്റിലൂടെ പറയുന്നു. എല്ലാ ഭരണകൂടവും സേഛ്വാധിപതികളെ സൃഷ്ടിക്കുന്നു. അവരുടെ ഈഗോകൾ നിരപരാധികളെ തടവിലാക്കുന്നു.
ചരിത്രം പരിശോധിച്ചാൽ എല്ലാ സ്വേച്ഛാധിപതികളുടെയും അന്ത്യം ദയനീയമാണെന്ന് കുറിച്ച സബിത, അർബൻ സെക്കുലർ അമ്മ എന്ന പരാമർശത്തോടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. അലൻ ഷുഹൈബ് മാവോയിസ്റ്റാണെന്ന പ്രസ്താവന നടത്തിയതിന് മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനവുമായി നേരത്തെയും സബിത രംഗത്തെത്തിയിരുന്നു.
സബിതയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
അലാ ...
നമ്മൾ ഒരിക്കലും പുതുവത്സര ആഘോഷങ്ങൾ ഒന്നും പൊതുവെ നടത്താറില്ലല്ലോ... പക്ഷെ 2020 ന്റെ പിറവി അമ്മ പഠിപ്പിക്കുന്ന മക്കളും നിന്റെ പ്രിയപ്പെട്ട പ്രേംജിത്ത് മാഷും നിഷ ടീച്ചറും കൂടി അവിസ്മരണീയമാക്കി. നീ ഇല്ലാത്തത് എന്റെ സന്തോഷത്തിന് കുറവ് വരുത്തരുത് എന്ന് അവർക്ക് നിർബന്ധമായിരുന്നു.
മോനെ ... അമ്മ ചിലപ്പോഴൊക്കെ തളർന്നു പോവുന്നുണ്ട്... പക്ഷെ നീ വന്നാൽ ചെയ്യേണ്ട കാര്യങ്ങൾ പ്ലാൻ ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം ഞാൻ ശരിക്കും ആസ്വദിക്കുന്നു - നമ്മൾ എവിടേക്കൊക്കെ യാത്ര പോവണം ... പുതിയ റെസിപ്പികൾ പരീക്ഷിക്കണം ....
ചില സന്ദർഭങ്ങളിൽ എനിക്ക് തോന്നും എനിക്ക് ധൈര്യം വളരെയധികം കൂടുന്നോ എന്ന് ... ഓരോ കാര്യങ്ങൾക്കും നിന്നെ ആശ്രയിക്കുന്ന ഞാൻ എല്ലാം ഒറ്റക്ക് ചെയ്യുന്നു.
നിന്നെ ശാരീരികമായി മാത്രമെ ജയിലിലടക്കാൻ സാധിക്കുകയുള്ളൂ ...നിന്റെ ചിന്തകളെ തടവിലിടാൻ ഒരു ഭരണകൂടത്തിനും സാധിക്കില്ല ... ഒരിക്കലും അവർക്ക് നമ്മളെ തോൽപ്പിക്കാൻ സാധിക്കില്ല ... നീ ഇപ്പോൾ വായിച്ചു കൂട്ടിയ പുസ്തകങ്ങൾ നിന്റെ ചിന്തയെ മൂർച്ച കൂട്ടും. കൂടുതൽ വ്യക്തതയോടെ ജീവിക്കാൻ നിനക്കും സാധിക്കും അലാ ...
എല്ലാ ഭരണകൂടവും സ്വേച്ഛാധിപതികളെ സൃഷ്ടിക്കുന്നു. അവരുടെ ഈ ഗോകൾ നിരപരാധികളെ തടവിലാക്കുന്നു ... ചരിത്രം പരിശോധിച്ചാൽ എല്ലാ സ്വേച്ഛാധിപതികളുടെയും അന്ത്യം ദയനീയമാണ്... അതുകൊണ്ട് അലാ ... നമ്മൾ കാത്തിരിക്കുക ക്ഷമയോടെ ... നമ്മുടെ സമയം വരും ...
പ്രതീക്ഷയോടെ
നിന്റെ അർബൻ സെക്കുലർ അമ്മ
..
സബിത ശേഖർ
