Asianet News MalayalamAsianet News Malayalam

വയനാട്ടിൽ ഒക്ടോബര്‍ അഞ്ചിന് യുഡിഎഫ് ഹര്‍ത്താല്‍

വയനാട് ജില്ലയില്‍ ഒക്ടോബര്‍ അഞ്ചിന് ഹര്‍ത്താല്‍ ആചരിക്കാന്‍ യുഡിഎഫ് ആഹ്വാനം ചെയ്തു

UDF Called for Harthal in wayanad District
Author
Kalpetta, First Published Sep 25, 2019, 2:51 PM IST

കൽപറ്റ: വയനാട് ജില്ലയില്‍ ഒക്ടോബര്‍ അഞ്ചിന് ഹര്‍ത്താല്‍ ആചരിക്കാന്‍ യുഡിഎഫ് ആഹ്വാനം ചെയ്തു. മൈസൂരു-കോഴിക്കോട് ദേശീയപാതയിലെ രാത്രിയാത്രാ നിരോധനത്തിനെതിരെ നടപടി സ്വീകരിക്കാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. 

ഹര്‍ത്താലില്‍ ഉണ്ടാവുന്ന നാശനഷ്ടങ്ങളിലും അക്രമങ്ങളിലും നേതാക്കളെയും പ്രതി ചേര്‍ത്ത് കേസെടുക്കണമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്ന് സംസ്ഥാനത്ത് കുറച്ചു കാലങ്ങളായി ഹര്‍ത്താലുകള്‍ സജീവമല്ല. ശബരിമല ആചാര സംരക്ഷണ സമിതി നടത്തിയ ഹര്‍ത്താലിലും പെരിയ ഇരട്ടക്കൊലയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഹര്‍ത്താലിലും നൂറുകണക്കിന് കേസുകളാണ് നേതാക്കളെ പ്രതിയാക്കി ഹൈക്കോടതി നിര്‍ദേശപ്രകാരം പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതോടെയാണ് കേരളത്തില്‍ ഹര്‍ത്താലുകള്‍ക്ക് കടിഞ്ഞാണ്‍ വീണത്. 

ദേശീയ പാതയിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തില്‍ ഇളവ് വരുത്തണം എന്നാവശ്യപ്പെട്ട് യുവജനസംഘടനകളുടെ നേതൃത്വത്തില്‍ വയനാട്ടില്‍ പ്രതിഷേധസമരങ്ങള്‍ നടന്നുവരികയാണ്. ദേശീയപാതാ 766ൽ നിലവിൽ ഏർപ്പെടുത്തിയ രാത്രിയിലെ ഗതാഗത നിരോധനം പകലും കൂടി നീട്ടാനുള്ള ശ്രമത്തെ ചെറുക്കാൻ കൂടിയാണ് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

അഞ്ച് യുവനേതാക്കൾ ചടങ്ങിൽ ഉപവാസം ആരംഭിച്ചു. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ വിവിധ ജനപ്രതിനിധികളെ അടക്കം പങ്കെടുപ്പിച്ച് മൂലഹള്ള ചെക്പോസ്റ്റ് ഉപരോധിക്കുമെന്നും സമരസമിതി അറിയിച്ചു.ദേശീയ പാത 766 കടന്നു പോകുന്നത് രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കടുവാ സങ്കേതത്തിലെ ബഫര്‍ സോണിലൂടെയാണെന്ന് ചൂണ്ടികാട്ടി സുപ്രീംകോടതി നിലവിലെ രാത്രിയാത്ര നിരോധനം പകലും കൂടി നീട്ടാമോ എന്ന് വനം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നു.

ദേശീയ പാതയില്‍ കഴിഞ്ഞ പത്തു വര്‍ഷമായി നിലനില്‍ക്കുന്ന രാത്രി യാത്രാ നിരോധനത്തിനെതിരെ കേരളം നല്‍കിയ ഹർജി പരി​ഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ നിർദ്ദേശം. നിലവില്‍ രാത്രി കാലത്ത് ഉപയോഗിക്കുന്ന മാനന്തവാടി- കുടക് വഴിയുള്ള ബദല്‍ റോഡ് ദേശീയ പാതയാക്കിയ ശേഷം ബന്ദിപ്പൂര്‍ വഴിയുള്ള പാത പൂര്‍ണമായും അടയ്ക്കുന്നതിനെ കുറിച്ചും സുപ്രീംകോടതി നിർദ്ദേശം തേടിയിരുന്നു.

റോഡ് പൂര്‍ണമായും അടയ്ക്കാനുള്ള നീക്കം വയനാടിനെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. ഇതിനെ തുടർന്നാണ് പ്രതിഷേധവുമായി വിവിധ സംഘടകൾ രം​ഗത്തെത്തിയത്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ നിന്നുള്ള സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെ അടക്കം നേരില്‍ കണ്ടിരുന്നു. വിഷയത്തില്‍ അടിയന്തിരമായ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നെങ്കിലും വിവിധ രാഷ്ട്രീയകക്ഷികളും നാട്ടുകാരുമടക്കം പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയായിരുന്നു.

 

Follow Us:
Download App:
  • android
  • ios