ആവേശ പോരാട്ടത്തിനൊടുവിൽ മണ്ഡലത്തിൽ 6741 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സി കെ കാസിം വിജയിച്ചത്.

തിരുവമ്പാടി: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി സി കെ കാസിമിന് വിജയം. ആവേശ പോരാട്ടത്തിനൊടുവിൽ മണ്ഡലത്തിൽ 6741 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സി കെ കാസിം വിജയിച്ചത്. കാസിം 77140 വോട്ടുകളും പ്രധാന എതിരാളിയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലിന്റോ ജോസഫ് 70399 വോട്ടുകളും, എന്‍ഡി സ്ഥാനാര്‍ഥി സണ്ണി തോമസ് ( ട്വിന്‍റി 20) 7380 വോട്ടുകളും നേടി.

സംസ്ഥാനത്തെ ഏറ്റവും ജനകീയനായ എംഎല്‍എമാരില്‍ ഒരാളായ ലിന്‍റോ ജോസഫ് വീണ്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോഴും അതിശക്തമായ മത്സരം തിരുവമ്പാടിയില്‍ ഉറപ്പായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയായ മുസ്ലീം ലീഗ് നേതാവ് സി.കെ കാസിം മികച്ച എതിരാളിയായാണ് വിലയിരുത്തപ്പെട്ടത്. 2021-ൽ മണ്ഡലത്തില്‍ ലീഗിന്‍റെ തോൽവിയിൽ കാസിമിനെതിരെ ആരോപണം ഉയരാൻ അദേഹത്തിന് മണ്ഡലത്തിലുള്ള വലിയ ജനപിന്തുണ കാരണമായിരുന്നു.

തിരുവമ്പാടി നിയോജക മണ്ഡലം പൊതുവെ യുഡിഎഫ് ഇടമായാണ് അറിയപ്പെട്ടിരുന്നത്. 12 തെരഞ്ഞെടുപ്പുകൾ നടന്നിടത്ത് എട്ട് തവണയും യുഡിഎഫിനായിരുന്നു വിജയം. എന്നാല്‍ കഴിഞ്ഞ രണ്ട് ടേമുകളില്‍ ഇടതുപക്ഷം തിരുവമ്പാടി പിടിച്ചെടുത്തു. ക്രൈസ്തവ വോട്ടുകൾ വിധി നിര്‍ണയിക്കുന്ന മണ്ഡലം കൂടിയാണ് തിരുവമ്പാടി. മുസ്ലീം വോട്ടുകളും നിർണ്ണായകമാണ്. ന്യൂനപക്ഷങ്ങൾ മാത്രം ചേർന്നാൽ 60 ശതമാനത്തോളം വോട്ട് ഷെയറുണ്ട് തിരുവമ്പാടി മണ്ഡലത്തിൽ. ബാക്കി വരുന്ന 40 ശതമാനത്തോളം വോട്ടുകൾ ഹിന്ദു വിഭാഗത്തിൽ നിന്നാണ്, അതിൽ ഭൂരിപക്ഷവും എസ് സി, എസ്‌ടിക്കാരാണ്. ഇവിടുത്തെ ന്യൂനപക്ഷ വോട്ടുകൾ കൃത്യമായി ഏകീകരിച്ചാലത് വിധിയെഴുത്തില്‍ നിര്‍ണായകമാകും എന്നുറപ്പായിരുന്നു. മണ്ഡലത്തിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും ഈ വോട്ട് ബാങ്ക് സ്വാധീനിക്കാറുണ്ട്.