2026-ലെ പൊന്നാനി നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ പി നൗഷാദ് അലി 13,267 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു
പൊന്നാനി: 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി കെ പി നൗഷാദ് അലിക്ക് വിജയം. 13,267 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് നൗഷാദ് അലി വിജയിച്ചത്. നൗഷാദ് അലിക്ക് 80,674 വോട്ടുകളും പ്രധാന എതിരാളികളായ സിപിഎം സ്ഥാനാര്‍ഥിക്ക് 67,407 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥി മനീഷ് ജനകീയം 10,210 വോട്ടുകളും നേടി.
മലപ്പുറം ജില്ലയിലെ പൊന്നാനി നഗരസഭയും പൊന്നാനി താലൂക്കിലെ ആലംകോട്, മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയംകോട്, എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് പൊന്നാനി നിയമസഭാമണ്ഡലം. യുഡിഎഫ് കോട്ടയായിരുന്ന പൊന്നാനിയിൽ കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി ഇടത് മുന്നണി (LDF) വലിയ മുന്നേറ്റമായിരുന്നു നടത്തിയിരുന്നത്. 2016-ൽ പി. ശ്രീരാമകൃഷ്ണൻ (CPI(M)) വൻ ഭൂരിപക്ഷത്തോടെ വിജയിച്ചതോടെ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുകയായിരുന്നു.
2021-ൽ പി നന്ദകുമാർ 74,668 വോട്ടുകളായിരുന്നു നേടിയിരുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയായ അഡ്വ. എഎം രോഹിത് 57,625 വോട്ടുകളും നേടി. 17,043 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു നന്ദകുമാർ വിജയിച്ചത്. ഒരുകാലത്ത് യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്നു പൊന്നാനി. മുസ്ലിം ലീഗിനും കോൺഗ്രസിനും വലിയ സ്വാധീനമുണ്ടായിരുന്ന മണ്ഡലത്തിൽ കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി സിപിഎം വലിയ രീതിയിലുള്ള രാഷ്ട്രീയ അഴിച്ചുപണികളാണ് നടത്തിയിരുന്നത്.
തീരദേശ മേഖലയിലെ പ്രശ്നങ്ങളായിരുന്നു ഇപ്രാവശ്യത്തെ പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി ഉണ്ടായിരുന്നത്. കടലാക്രമണം തടയുന്നതിനുള്ള ശാശ്വത പരിഹാരം, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം, പൊന്നാനി തുറമുഖ വികസനം തുടങ്ങിയവ വോട്ടർമാർക്കിടയിൽ സജീവ ചർച്ചയായിരുന്നു. ഇത്തവണ സിപിഎം ജില്ല സെക്രട്ടേറിയറ്റംഗം ടിഎം സിദ്ദീഖിന് സീറ്റ് നിഷേധിച്ചതിലടക്കം അസ്വാരസ്യങ്ങൾ പാർട്ടിയിൽ ഉടലെടുത്തിരുന്നു.




