തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ ഊന്നി മന്ത്രി കെടി ജലീലിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ്. ഖുറാന്‍ ഉയര്‍ത്തി ജലീലിനെ പ്രതിരോധിക്കാന്‍ ഇടതുമുന്നണി രംഗത്ത് എത്തിയതോടെയാണ് സ്വര്‍ണക്കടത്തില്‍ മാത്രം കേന്ദ്രീകരിച്ചുള്ള കടന്നാക്രമണത്തിന് കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ തമ്മില്‍ ധാരണയായത്. ഖുറാന്‍ ഉയര്‍ത്തിയുള്ള പ്രചാരണം സി പി എമ്മിന് തിരിച്ചടിയാവുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്.

കേന്ദ്ര ഏജന്‍സികളുടെ ചോദ്യം ചെയ്യലിനു വിധേയനായ മന്ത്രി ജലീലിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് ഖുറാന്‍ ഉയര്‍ത്തി മന്ത്രിയെ സംരക്ഷിക്കാന്‍ സി പി എമ്മും ഇടതുമുന്നണിയും രംഗത്തു വന്നത്. ജലീലിനെതിരായ സമരത്തെ ഖുറാന് എതിരായ സമരമെന്ന് വ്യാഖ്യാനിച്ചുള്ള ഇടതു പ്രചാരണത്തിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യം തിരിച്ചറിഞ്ഞാണ് മറുതന്ത്രത്തിന് യുഡിഎഫ് രൂപം നല്‍കിയത്. ഇടതു പ്രചാരണം ചില മുസ്ലിം വിഭാഗങ്ങളില്‍ എങ്കിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്ന് യുഡിഎഫ് വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് സ്വര്‍ണക്കടത്ത് വിഷയത്തില്‍ മാത്രം ഊന്നി ജലീലിനെതിരെയുള്ള രാഷ്ട്രീയ പ്രചാരണത്തിന് യുഡിഎഫ് ലക്ഷ്യമിടുന്നത്. 

ഖുറാന്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കേണ്ടെന്ന് കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ തമ്മില്‍ ധാരണയിലെത്തി. സിപിഎം തുടര്‍ന്നും ഖുര്‍ആന്‍ ഉയര്‍ത്തി പ്രതിരോധത്തിന് ശ്രമിച്ചാല്‍ മറു പ്രചാരണം ലീഗ് നേരിട്ട് നടത്തുമെന്നും ഇരു പാര്‍ട്ടി നേതാക്കളും തമ്മില്‍ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മറുപടി പറയാന്‍ പികെ കുഞ്ഞാലിക്കുട്ടിയും എംകെ മുനീറും അടങ്ങുന്ന മുതിര്‍ന്ന ലീഗ് നേതാക്കളെ തന്നെ കഴിഞ്ഞ ദിവസം രംഗത്തിറക്കിയതും ഈ തന്ത്രത്തിന്റെ ഭാഗമായാണ്.

ബിജെപിക്ക് കേരളത്തില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കാന്‍ സിപിഎമ്മും ജലീലും വഴിയൊരുക്കി എന്ന പ്രചാരണവും യുഡിഎഫ് ശക്തമാക്കും. ഖുറാന്‍ ഉയര്‍ത്തിയുള്ള സിപിഎം പ്രചാരണത്തിന് വിശ്വാസികള്‍ക്കിടയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലാണ് തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ നടത്തിയത്.