ഇടുക്കി: യുഡിഎഫ് കോട്ടയെന്ന് അവകാശപ്പെടുന്ന ഇടുക്കിയിലുണ്ടായ ഇടത് തരംഗത്തിൽ അന്തംവിട്ട് യുഡിഎഫ്. 10 സീറ്റുമായി ജില്ല പഞ്ചായത്ത് എൽഡിഎഫ് തിരിച്ചുപിടിച്ചു. കഴിഞ്ഞ തവണ 11 സീറ്റ് കിട്ടയിടത്ത് യുഡിഎഫ് നേടിയത് ആറ് സീറ്റുകളാണ്. ബ്ലോക്ക് പഞ്ചായത്തിലെ മേൽക്കൈയും യുഡിഎഫിന് നഷ്ടമായി. രണ്ടിൽ നിന്ന് നാലാക്കി ബ്ലോക്കുകളുടെ എണ്ണം എൽഡിഎഫ് ഉയർത്തി. ചിട്ടയായ പ്രവർത്തനവും സർക്കാരിന്‍റെ മികവും വിജയത്തിന് ആധാരമായെന്ന കണക്കുകൂട്ടലിലാണ് എൽഡിഎഫ്. 

52 പഞ്ചായത്തുകളിൽ 27 എണ്ണം നേടിയ യുഡിഎഫിന് നേരിയ മുൻതൂക്കം. കട്ടപ്പന നഗരസഭ നിലനിർത്താനായതും ത്രിശങ്കുവായ തൊടുപുഴയിൽ പിന്നിലായില്ലെന്നതും ആശ്വാസമായി. അതേസമയം പ്രതീക്ഷിച്ച നേട്ടം സ്വന്തമാക്കാനാകാത്തതിന്‍റെ നിരാശ ബിജെപിയ്ക്കുണ്ട്. തൊടുപുഴ നഗരസഭ പിടിക്കാനിറങ്ങിയ ബിജെപിയ്ക്ക് സീറ്റുകളുടെ എണ്ണം എട്ടിൽ നിന്ന് ഉയർത്താനായില്ല. പ്രതീക്ഷിച്ച എട്ട് പഞ്ചായത്തുകളിൽ ഒന്നുപോലും കിട്ടിയതുമില്ല. പക്ഷേ വോട്ടുവിഹിതം ഉയർത്താനായത് നഷ്ടങ്ങൾക്കിടയിലും ആശ്വാസമാകുന്നു.