പാലാ: പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേല്‍ ഇന്ന് പ്രചാരണം തുടങ്ങും. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട പ്രചാരണം. തുടർന്ന് പൗരപ്രമുഖരുമായും മതമേലധ്യക്ഷന്മാരുമായും കൂടിക്കാഴ്ച നടത്തും. രാവിലെ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ നേതാക്കൾ കൂടിയാലോചിച്ച് ഭാവി പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യും.

അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കുമൊടുവില്‍ ജോസ് കെ മാണി വിഭാഗം നിര്‍ദ്ദേശിച്ച ജോസ് ടോം പുലിക്കുന്നേലിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തിന് പി ജെ ജോസഫ് വഴങ്ങുകയായിരുന്നു. യുഡിഎഫ് നേതാക്കള്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയെത്തുടര്‍ന്നാണ് ജോസഫ് വഴങ്ങിയത്. അതേസമയം, കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഏത് ചിഹ്നത്തില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.

യുഡിഎഫ് സ്ഥാനാർത്ഥിയുടെ ജയം ഉറപ്പെന്ന് നിഷ ജോസ് കെ മാണി പ്രതികരിച്ചു. സ്ഥാനാർത്ഥിത്വം ആഗ്രഹിച്ചിരുന്നില്ലെന്നും നിഷ ജോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍, ജോസ് ടോമിനെക്കാള്‍ നാട്ടുകാർക്ക് സുപരിചിതൻ തനെന്നാണ് ഇടത് സ്ഥാനാർത്ഥി മാണി സി കാപ്പൻ പറയുന്നത്. 

Also Read: ജോസ് ടോം പുലിക്കുന്നേലിന്‍റെ ജയം ഉറപ്പെന്ന് നിഷ, എൽ ഡി എഫിന്‍റെ സാധ്യത കൂട്ടിയെന്ന് മാണി സി കാപ്പന്‍

ആരാണ് ജോസ് ടോം പുലിക്കുന്നേല്‍ ?

മീനച്ചില്‍ പഞ്ചായത്ത് മുന്‍ അംഗമായ അഡ്വ.  ജോസ് ടോം ഇടമറ്റം പുലിക്കുന്നേല്‍ കുടുംബാംഗമാണ്. 10 വര്‍ഷം മീനച്ചില്‍ പഞ്ചായത്ത് അംഗമായിരുന്നു. 26 വര്‍ഷമായി മീനച്ചില്‍ സഹകരണ ബാങ്ക് പ്രസിഡന്റാണ്. ജില്ല കൗണ്‍സില്‍ മെംബര്‍, മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി മെംബര്‍, യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ലോ കോളജ് സെനറ്റ് മെംബര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജോസ് ടോമിന്‍റെ പേര് യുഡിഎഫ് ഉപസമിതിയാണ് നിര്‍ദ്ദേശിച്ചത്.