മുൻ എൽഡിഎഫ് സർക്കാരിന്റെ കെ-റെയിലിന് പകരമായി യുഡിഎഫ് സർക്കാർ പരിഗണിക്കുന്ന അതിവേഗ റെയിൽ പദ്ധതിയുടെ പഠനത്തിനായി നാലംഗ സമിതിയെ രൂപീകരിച്ചു. മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ച ബദൽ പദ്ധതിയുടെ സാങ്കേതികവും സാമ്പത്തികവുമായ സാധ്യതകൾ ഈ സമിതി പരിശോധിക്കും.
തിരുവനന്തപുരം : മുൻ എൽഡിഎഫ് സർക്കാരിന്റെ കെ- റെയിലിന് പകരം യുഡിഎഫ് സർക്കാർ പരിഗണിക്കുന്ന അതിവേഗ റെയിൽ പദ്ധതിയുടെ പഠനത്തിന് നാലംഗ സമിതി രൂപീകരിച്ചു. ഗതാഗത സെക്രട്ടറി അധ്യക്ഷനാകുന്ന സമിതി മെട്രോമാൻ ഇ ശ്രീധരൻ സമർപ്പിച്ച ബദൽ പദ്ധതിയുടെ ഗുണദോഷങ്ങൾ വിശദമായി പഠിക്കും. റെയിൽവേ മേഖലയിലെ വിദഗ്ധൻ ജെ വിനയൻ, ധനകാര്യ വിദഗ്ധൻ ഡോ. സി വീരമണി, പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ എന്നിവരാണ് സമിതിയിലുള്ളത്.
മുൻപ് കെ-റെയിൽ പദ്ധതിയെ പരിസ്ഥിതി പരമായി ശക്തമായി എതിർത്ത പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണനെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം ഇ. ശ്രീധരന്റെ നിർദ്ദേശങ്ങൾ സാങ്കേതികമായും സാമ്പത്തികമായും എത്രത്തോളം പ്രായോഗികമാണെന്നാണ് പരിശോധിക്കുക.
ഇ ശ്രീധരൻ സമർപ്പിച്ച പദ്ധതി പ്രകാരം, ഏകദേശം 60,000 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന നിർദിഷ്ട പാതയിലൂടെ തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് വെറും മൂന്നര മണിക്കൂർ കൊണ്ട് എത്തിച്ചേരാനാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഇത് കണ്ണൂരിൽ അവസാനിപ്പാക്കാതെ കാസർകോട് വരെ നീട്ടുന്നതടക്കം യുഡിഎഫ് പരിഗണിക്കുന്നുണ്ട്. സ്ഥലമേറ്റെടുക്കുന്നതിലും ചർച്ചകൾ നടക്കും. കെ റെയിലിനെ അപേക്ഷിച്ച് സ്ഥലമേറ്റെടുക്കുന്നത് കുറയുമെന്നാണ് ബദൽ പദ്ധതിയുടെ മെച്ചമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കെ റെയിലിനെ അപേക്ഷിച്ച് വ്യത്യസ്ഥമായി തൂണുകളും ഭൂഗർഭ പാതകളുമാണ് പുതിയ പദ്ധതിയിൽ പരിഗണിക്കുന്നത്. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് കെ റെയിൽ സംരക്ഷണസമിതി മുന്നോട്ട് വെച്ച നിർദ്ദേശങ്ങളും പരിഗണിക്കും.


