ഇംഎംഎസിൻ്റെ നാടായ ഏലംകുളവും സിപിഎമ്മിന് വളക്കൂറുള്ള പുലാമന്തോൾ പഞ്ചായത്തുമെല്ലാം ഇത്തവണ യുഡിഎഫ് പിടിച്ചെടുത്തു. വരുന്ന നിയസമഭ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ നജീബിൻ്റെ കാന്തിക മണ്ഡലമായി തന്നെ തുടര്‍ന്നേക്കും.
മലപ്പുറം: യുവ എംഎൽഎ നജീബ് കാന്തപുരത്തിൻ്റെ കൈ പിടിച്ച് പെരിന്തൽമണ്ണ നഗരസഭയിൽ ചരിത്ര വിജയം നേടി യുഡിഎഫ്. ഇംഎംഎസിൻ്റെ നാടായ ഏലംകുളവും സിപിഎമ്മിന് വളക്കൂറുള്ള പുലാമന്തോൾ പഞ്ചായത്തുമെല്ലാം ഇത്തവണ യുഡിഎഫ് പിടിച്ചെടുത്തു. വരുന്ന നിയസമഭ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ നജീബിൻ്റെ കാന്തിക മണ്ഡലമായി തന്നെ തുടര്‍ന്നേക്കും. സംസ്ഥാനത്താകെ എൽഡിഎഫിന് തിരിച്ചടിയേറ്റപ്പോൾ യുഡിഎഫിന് മിന്നും വിജയമാണ് കാഴ്ച്ചവെക്കാനായത്.
മുന്നു പതിറ്റാണ്ടിന് ശേഷം പെരിന്തൽമണ്ണയിലെ 37 വാര്‍ഡുകളിൽ 21 യുഡിഎഫ്, 16 എൽഡിഎഫ് എന്നിങ്ങനെയാണ് സീറ്റുകൾ നേടിയത്. നജീബിൻ്റെ കാന്തിക മണ്ഡലത്തിൽ യുഡിഎഫ് മാത്രമാണ് വിജയിച്ചത്. ഇഎംഎസിൻ്റെ ഏലംകുളത്തും സിപിഎം തോറ്റപ്പോൾ പുലാമന്തോൾ യുഡിഎഫ് തിരിച്ചു പിടിച്ചു. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മലപ്പുറത്തിൻ്റെ ഹരിത ഭൂമിയിൽ ചുവന്ന തുരുത്തുകളായിരുന്നു പൊന്നാനിയും പെരിന്തൽമണ്ണയും. തിരിച്ചടികൾക്കിടയിലും പൊന്നാനിക്കോട്ട ഇടതിനെ കൈവിട്ടില്ല. പെരിന്തൽമണ്ണ സ്ഥലം എംഎൽഎ നജീബിൻ്റെ കാന്തിക മണ്ഡലമായി. ആറ് പഞ്ചായത്തിനൊപ്പം ചരിത്രത്തിലാദ്യമായി നഗരസഭയും കൈ പിടിച്ച് വിജയക്കോണി കയറിയതാണ് ചിത്രം. 1995 ലാണ് പെരിന്തൽമണ്ണ നഗരസഭ രൂപീകരിച്ചത്. 30 വര്‍ഷത്തിന് ശേഷമാണ് നഗരസഭയിൽ യുഡിഎഫ് ഭരണം നിലവിൽ വരുന്നത്.
37 ഡിവിഷനുകളിൽ 21 ഉം നേടി അധികാരത്തിലെത്തി. മുസ്ലിംലീഗ് സീറ്റുകൾ വച്ചുമാറുന്നതിലടക്കം അതിവേഗം സമവായം ഉറപ്പാക്കാൻ നേരിട്ടിറങ്ങിയ എംഎൽഎയുടെ നീക്കങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ സൂക്ഷ്മത പുലര്‍ത്തിയതും ഗുണകരമായി. പ്രചാരണത്തിൽ എല്ലാ വാർഡുകളിലും എംൽഎ നേരിട്ടെത്തി. സിപിഎമ്മിൻ്റെ കേഡര്‍ സ്വഭാവം മുഴച്ചു നിന്ന ചുവന്ന മണ്ണിൽ യുഡിഎഫ് പ്രതീക്ഷകൾ നജീബിലൂടെ പച്ചപിടിച്ചു. നഗരസഭയ്ക്ക് പുറമേ, മേലാറ്റൂർ വെട്ടത്തൂർ താഴേക്കോട് ആലിപ്പറമ്പ്, പുലാമന്തോൾ, ഏലംകുളം പഞ്ചായത്തുകൾ നിലവിൽ യുഡിഎഫിൻ്റെ കയ്യിലാണ്. നിയസമഭ തെരഞ്ഞെടുപ്പ് മുന്നിലിരിക്കെ, കഴിഞ്ഞ തവണ മൂന്നക്കമെത്താത്ത ഭൂരിപക്ഷം നാലക്കം കടക്കുമെന്നാശ്വസിക്കാൻ യുഡിഎഫിന് വകയായി.



