തിരുവനന്തപുരം:  സ്വര്‍ണക്കടത്ത് അടക്കമുള്ള അഴിമതിക്കേസുകളിൽ സര്‍ക്കാരിനെ താഴെ ഇറക്കും വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം. സംസ്ഥാന വ്യാപന വഞ്ചനാദിനാചരത്തിൽ കടുത്ത ആക്ഷേപങ്ങൾ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ ഉന്നയിച്ചാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം യുഡിഎഫ് നേതാക്കൾ ആഞ്ഞടിക്കുന്നത്. ബെംഗലൂരു മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണെങ്കിൽ എം ശിവശങ്കര്‍ ആരുടെ ബിനാമിയാണെന്ന ചോദ്യമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. 

കള്ളക്കടത്തുകരുടെ ബിനാമി ആയി മുഖ്യമന്ത്രി യുടെ ഓഫിസ് മാറി. പാർട്ടി സെക്രട്ടറിയുടെ വീട്ടിൽ മയക്ക് മരുന്ന് കച്ചവടം നടക്കുന്നു. സിനിമ രംഗത്തെ ബിനീഷിന്റെ മയക്ക് മരുന്ന് ഇടപെടലും അന്വേഷിക്കണമെന്നും പ്രതിപക്ഷ നാതാവ് ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവിയായ ലോക് നാഥ് ബെഹ്റ ഡയറക്‌ടർ ജെനറൽ ഓഫ് പർച്ചേസ് ആയാണ് ഇപ്പോൾ പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിക്ക് ഓശാന പാടുന്ന ഡി ജി പി ചെവിയിൽ നുള്ളിക്കോ ഇതിനൊക്കെ മറുപടി പറയേണ്ടി വരുമെന്നും രമേശ് ചെന്നിത്തല വെല്ലുവിളിച്ചു. 

മുഖ്യമന്ത്രി യുടെ ഓഫീസ് അധോലോക സംഘങ്ങളുടെ താവളമായി മാറിക്കഴിഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ എത്ര ദിവസം മുഖ്യമന്ത്രി മൈക്ക് ഓഫ് ചെയ്ത് പോകും. എന്തിനാണ് ശിവശങ്കറിനെ ഭയപ്പെടുന്നത് എന്ന് മനസിലാകുന്നില്ലെന്ന് പറഞ്ഞ രമേഷ് ചെന്നിത്തല ശിവശങ്കരന്റെ ചെയ്തികൾക്ക് മുഖ്യമന്ത്രി എണ്ണി എണ്ണി മറുപടി പറയേണ്ടി വരുമെന്നും ആവര്‍ത്തിച്ചു. പിണറായി വിജയന്റെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര നേതൃത്വം സർക്കാരിനെ പിന്തുണയ്ക്കാതെ പിന്നെ എന്തു ചെയ്യുമെന്നാണ് ചെന്നിത്തലയുടെ പരിഹാസം . 

കേരളപ്പിറവി ദിനത്തിൽ സർക്കാരിനെതിര ശക്തമായ സമരപരിപാടികളുമായാണ് പ്രതിപക്ഷം രംഗത്തെത്തിയിട്ടുള്ളത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന വ്യാപകമായി വ‍‌ഞ്ചനാ ദിനം ആചരിക്കുകയാണ്. ഓരോ വാര്‍ഡിലും 10 പേര്‍ വീതം പങ്കെടുക്കുന്ന സത്യാഗ്രഹമാണ് നടക്കുന്നത്. സത്യാഗ്രഹത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനുമുന്നില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍, എന്നിവർ പങ്കെടുത്തു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയത്തും, മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും, കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് തൊടുപുഴയിലും, ആണ് സത്യാഗ്രഹത്തിൽ പങ്കെടുത്തത്.