കായംകുളം എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ എംഎൽഎക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ ഇർഷാദ് ചക്കാലശ്ശേരിക്കെതിരെ യുഡിഎഫും മുസ്ലിം ലീഗും നടപടി സ്വീകരിച്ചു. ഇർഷാദിനെ യുഡിഎഫ് മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കുകയും മുസ്ലിം ലീഗ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു
ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി യു പ്രതിഭ എം എൽ എക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപ പ്രസ്താവന നടത്തിയ ഇർഷാദ് ചക്കാലശ്ശേരിക്കെതിരെ നടപടിയെടുത്ത് യു ഡി എഫും മുസ്ലിം ലീഗും. ഇർഷാദിനെ കായംകുളം നിയോജക മണ്ഡലം ചെയർമാൻ സ്ഥാനത്തുനിന്ന് യു ഡി എഫ് നീക്കിയപ്പോൾ അന്വേഷണ വിധേയമായി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് മുസ്ലിം ലീഗ് സസ്പെൻഡ‍് ചെയ്തു. കായകുളം യു ഡി എഫ് ചെയർമാനായി മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച് ബഷീർ കുട്ടിയെ നിയമിച്ചതായും നേതൃത്വം അറിയിച്ചു. ഇർഷാദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തതായി മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസാണ് അറിയിച്ചത്. നേരത്തെ ഇർഷാദ് ചക്കാലശ്ശേരി നടത്തിയ അധിക്ഷേപ പ്രസ്താവന തള്ളി യു ഡി എഫ് സ്ഥാനാർഥി എം ലിജു രംഗത്തെത്തിയിരുന്നു. വ്യക്തിപരമായ വിമർശനങ്ങൾ നടത്താനുള്ളതല്ല തിരഞ്ഞെടുപ്പ് പ്രസംഗമെന്ന് ചൂണ്ടിക്കാട്ടിയ ലിജു, ഇർഷാദ് ചക്കാലശ്ശേരിയുടെ പരാമർശത്തെ തള്ളിക്കളഞ്ഞു. യു ഡി എഫ് നേതാവിന്റെ പരാമർശം തെറ്റാണെന്നും ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ലിജു കൂട്ടിച്ചേർത്തു. പരാമർശത്തെ ന്യായീകരിക്കില്ലെന്നും ശക്തമായി അപലപിക്കുന്നുവെന്നും പറഞ്ഞ ലിജു, ഖേദവും പ്രകടിപ്പിച്ചു.
ഖേദം പ്രകടിപ്പിച്ച് ഇർഷാദ് ചക്കാലശ്ശേരി
അതേസമയം പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശം വിവാദമായതിന് പിന്നാലെ ഇർഷാദ് ചക്കാലശ്ശേരിയും ഖേദം പ്രകടിപ്പിച്ചിരുന്നു. തന്റെ പ്രസ്താവന സ്ത്രീവിരുദ്ധമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ നിർവ്യാജം ക്ഷമ ചോദിക്കുന്നുവെന്നുമാണ് ഇർഷാദ് പറഞ്ഞത്. വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ വാക് ചാതുര്യം കൊണ്ടും ശരീര അഴക് കൊണ്ടും വീണ്ടും തെരഞ്ഞെടുപ്പിലേക്ക് വരികയാണ് പ്രതിഭയെന്നാണ് യു ഡി എഫ് മണ്ഡലം കൺവീനറും ലീഗ് നേതാവുമായ ഇർഷാദ് ചക്കാലശ്ശേരി നടത്തിയ വിവാദ പരാമർശം.
