Asianet News MalayalamAsianet News Malayalam

അവിശ്വാസത്തിൽ നഷ്ടപ്പെട്ട ഭരണം ഈരാറ്റുപേട്ടയിൽ തിരിച്ചുപിടിച്ച് യുഡിഎഫ്; വോട്ടെടുപ്പിൽ പങ്കെടുക്കാതെ എൽഡിഎഫ്

കഴിഞ്ഞ മാസമാണ് എസ്‌ഡിപിഐയുടെ കൂടെ പിന്തുണയിൽ ഈരാറ്റുപേട്ടയിൽ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായത്

UDF retains Eerattupetta Municipality
Author
Kottayam, First Published Oct 11, 2021, 3:22 PM IST

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിൽ വീണ്ടും യുഡിഎഫ് ഭരണം. എൽഡിഎഫ് മത്സരത്തിൽ നിന്ന് വിട്ടു നിന്നതോടെ അഞ്ചിനെതിരെ 14 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥി സുഹ്‌റ അബ്ദുൽ ഖാദർ വിജയിച്ചത്.  അവിശ്വാസ പ്രമേയത്തിനിടെ കൂറ് മാറിയ കൗൺസിലർ യുഡിഎഫ് പാളയത്തിൽ തിരിച്ചെത്തി. ഒരു മാസത്തെ ഭരണ സ്തംഭനത്തിന് എൽഡിഎഫ് മറുപടി പറയണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസമാണ് എസ്‌ഡിപിഐയുടെ കൂടെ പിന്തുണയിൽ ഈരാറ്റുപേട്ടയിൽ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായത്. എന്നാൽ സിപിഎം വർഗീയ ശക്തികളുമായി കൂട്ടുകൂടുന്നുവെന്ന യുഡിഎഫ് പ്രചാരണം എൽഡിഎഫിനെ പ്രതിരോധത്തിലാക്കി. കോട്ടയം നഗരസഭയിൽ ബിജെപിയുടെ പിന്തുണയോടെ യുഡിഎഫിനെ വീഴ്ത്തിയപ്പോഴും ഇടതുമുന്നണിക്കെതിരെ വിമർശനമുയർന്നു.

ഇതോടെ ഈരാറ്റുപേട്ടയിൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിച്ചാൽ വീണ്ടും എസ്‌ഡിപിഐ പിന്തുണയ്ക്കുമെന്നും അത് വിവാദമാകുമെന്നും വിലയിരുത്തിയാണ് എൽഡിഎഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്. ഇതോടെ യുഡിഎഫിന് കാര്യങ്ങൾ എളുപ്പമായത്. കഴിഞ്ഞ തവണ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്ത യുഡിഎഫ് കൗൺസിലർ അൻസലിന പരീക്കുട്ടി  തിരിച്ചെത്തിയതോടെ യുഡിഎഫിന് 14 വോട്ടായി.

അപ്രതീക്ഷിതമായി എസ്ഡിപിഐ സ്ഥാനാർഥിയെ നിർത്തി എങ്കിലും  നസീറ സുബൈറിന് അഞ്ച് വോട്ട് മാത്രമേ നേടാനായുള്ളൂ. ഒറ്റയ്ക്ക് വിജയിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് മത്സരത്തിൽ നിന്നു പിൻവാങ്ങിയതെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. ആർജവമുള്ള നേതൃത്വം ഇല്ലാത്തതാണ് നഗരസഭയിൽ ഭരണസ്തംഭനം ഉണ്ടാകാൻ കാരണമെന്ന് എസ്‌ഡിപിഐ കുറ്റപ്പെടുത്തി. ജയിക്കില്ലെന്ന് ഉറപ്പുണ്ടായിട്ടും അവിശ്വാസ പ്രമേയം കൊണ്ടുവന്നത് എന്തിനാണെന്ന് എൽഡിഎഫ് വ്യക്തമാക്കണമെന്നാണ് യുഡിഎഫ് ആവശ്യം. വരും ദിവസങ്ങളിൽ ഈ ചോദ്യത്തിന് മറുപടി പറയേണ്ട ബാധ്യത കൂടി എൽഡിഎഫിനുണ്ട്.
 

Follow Us:
Download App:
  • android
  • ios