'കേരളീയം' പരിപാടിയും യുഡിഎഫ് ബഹിഷ്‌ക്കരിക്കും; സർക്കാർ ചെലവിൽ പാർട്ടി പരിപാടി നടത്തുന്നുവെന്ന് വിമര്‍ശനം
നവംബറിൽ സർക്കാർ പ്രഖ്യാപിച്ച കേരളീയം പരിപാടിയില്‍ യുഡിഎഫ് പങ്കെടുക്കില്ല. സർക്കാർ ചെലവിൽ പാർട്ടി പരിപാടി നടക്കുന്നു എന്നാന്ന് യുഡിഎഫിന്റെ വിമർശനം.

തിരുവനന്തപുരം: 'കേരളീയം' പരിപാടിയും ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ച് യുഡിഎഫ്. നവംബറിൽ സർക്കാർ പ്രഖ്യാപിച്ച കേരളീയം പരിപാടിയില്‍ യുഡിഎഫ് പങ്കെടുക്കില്ല. സർക്കാർ ചെലവിൽ പാർട്ടി പരിപാടി നടക്കുന്നു എന്നാന്ന് യുഡിഎഫിന്റെ വിമർശനം. സർക്കാരിന്റെ ജന സദസ്സ് ബഹിഷ്‌ക്കരിക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു.
നവംബർ ഒന്ന് മുതൽ ഒരാഴ്ച തലസ്ഥാനത്ത് കേരളീയം പരിപാടിയും നവംബർ 18 മുതൽ 24 വരെ നിയോജക മണ്ഡലങ്ങളിൽ ജനസദസ്സും നടത്താനാണ് സർക്കാർ തീരുമാനം. മണ്ഡലങ്ങളിൽ എംഎൽഎമാരുടെ നേതൃത്വത്തിലുള്ള ജനസദസ്സുകളിൽ മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തിയുള്ള വികസന സംവാദമാണ് ലക്ഷ്യമിടുന്നത്. എന്നാൽ രണ്ടും സർക്കാർ ചെലവിലെ പാർട്ടി പ്രചാരണ പരിപാടിയെന്നാണ് യുഡിഎഫ് വിമർശനം. നെൽകർഷകർക്ക് കുടിശ്ശിക നൽകാനിരിക്കെ വൻതുക മുടക്കിയുള്ള പ്രചാരണം ശരിയല്ലെന്ന് പ്രതിപക്ഷനേതാവ് വിമർശിച്ചു. മാത്രമല്ല നടത്തിപ്പിനെ കുറിച്ച് പ്രതിപക്ഷവുമായി ഒരു ചർച്ചയും നടത്തിയില്ലെന്നും യുഡിഎഫ് പറയുന്നു. എന്നാൽ വികസന പരിപാടികളിൽ രാഷ്ട്രീയം കലർത്തേണ്ടെന്ന് പറഞ്ഞാണ് എൽഡിഎഫ് മറുപടി.
ജനസദസ്സിന് പ്രാദേശിക സംഘാടകര്‍ സ്പോൺസര്‍ഷിപ്പിലൂടെ പണം കണ്ടെത്തണം എന്ന നിർദ്ദേശമാണ് മന്ത്രിസഭായ യോഗത്തിൽ ഇന്നലെ മുഖ്യമന്ത്രി വെച്ചത്. സാമാന്യ ജനങ്ങളിൽ നിന്ന് അകലുന്നെന്ന വിമര്‍ശനവും സര്‍ക്കാര്‍ പദ്ധതികൾ ജനങ്ങളിലേക്ക് എത്തുന്നില്ലെന്ന വിലയിരുത്തലും കണക്കിലെടുത്താണ് സർക്കാർ പരിപാടികൾ. ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് സർക്കാർ നീക്കമെന്ന് കൂടി കരുതിയാണ് പ്രതിപക്ഷ നിസ്സഹരണം. പ്രതിപക്ഷ എംഎൽഎമാരുടെ മണ്ഡലത്തിൽ ഇനി ഇടത് നേതാക്കൾ മുൻകയ്യെടുത്താകും പരിപാടി നടത്തുക.