Asianet News MalayalamAsianet News Malayalam

യുജിസി ശമ്പള പരിഷ്കരണം: കേന്ദ്ര നി‍ർദ്ദേശം അവഗണിച്ചത് സംസ്ഥാനത്തിന് തിരിച്ചടിയായി, 750 കോടി ഇനി കിട്ടില്ല

ആവര്‍ത്തിച്ചുള്ള അറിയിപ്പുകളൊന്നും കേരളം കണക്കിലെടുത്തില്ലെന്നും സമയപരിധി തീര്‍ന്നതിനാൽ ശമ്പള പരിഷ്കരണ കുടിശിക ഇനി നൽകാനാകില്ലെന്നുമാണ് കേന്ദ്ര നിലപാട്

UGC salary revision Kerala wont get Central govt share of 750 crore rupees kgn
Author
First Published Nov 29, 2023, 7:32 AM IST

തിരുവനന്തപുരം: യുജിസി ശമ്പള പരിഷ്കരണത്തിനുള്ള കേന്ദ്ര വിഹിതം നേടിയെടുക്കുന്നതിൽ സംസ്ഥാന സര്‍ക്കാരിന് സംഭവിച്ചത് ഗരുതര വീഴ്ച. കേരളം കൊടുത്തിട്ടും കേന്ദ്രം തുക കുടിശിക വരുത്തിയെന്ന മുഖ്യമന്ത്രിയുടെ വാദവും തെറ്റാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. കേന്ദ്രം നിഷ്കര്‍ഷിച്ച വ്യവസ്ഥകൾ പാലിക്കാത്തത് കൊണ്ട് മാത്രം ഉണ്ടായ നഷ്ടം 750.93 കോടി രൂപയാണ്. 39 മാസത്തെ ശമ്പള കുടിശിക കണക്കിൽ അപാകതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുമ്പോൾ അനാവശ്യ തടസവാദങ്ങളെന്ന് പ്രതിരോധിക്കുകയാണ് സംസ്ഥാനം. സമയപരിധി 2022 മാര്‍ച്ച് 31 ന് തീര്‍ന്നതിനാൽ ഇനി ആനുകൂല്യം ലഭിക്കുകയുമില്ല.

ആവര്‍ത്തിച്ചുള്ള അറിയിപ്പുകളൊന്നും കേരളം കണക്കിലെടുത്തില്ലെന്നും സമയപരിധി തീര്‍ന്നതിനാൽ ശമ്പള പരിഷ്കരണ കുടിശിക ഇനി നൽകാനാകില്ലെന്നുമാണ് കേന്ദ്ര മന്ത്രിയുടെ വാദം. എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടും 750.93 കോടി കേന്ദ്രം നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രിയും പറയുന്നു. ഏഴാം ശമ്പള കമ്മീഷൻ നടപ്പാക്കിയ ശമ്പള പരിശ്കരണ കുടിശികയെ ചൊല്ലിയാണ് തര്‍ക്കം. സംസ്ഥാനത്തെ സര്‍വ്വലാശാലകളിലേയും അഫിലിയേറ്റഡ് കോളേജുകളിലേയും അധ്യാപകര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങളാണ് ത്രിശങ്കുവിലായത്. 2016 ജനുവരി മുതൽ 2019 മാര്‍ച്ച് വരെ 39 മാസത്തെ അരിയര്‍ തുക 1500 കോടി വരും. ഇതിൽ 750 കോടിയാണ് കേന്ദ്രവിഹിതം. 

ഏഴാം ശമ്പള പരിഷ്കരണം പൂർണ്ണമായി നടപ്പാക്കിയാൽ ഗ്രാന്റ് നൽകുമെന്നാണ് കേന്ദ്ര സർക്കാർ നിലപാടെടുത്തത്. പരിഷ്കരിച്ച ശമ്പളം നൽകിയതിന്‍റെ രേഖകൾ ഹാജരാക്കാനോ സാഹചര്യം കൃത്യമായി ബോധ്യപ്പെടുത്തി പണം നേടിയെടുക്കാനോ കേരളത്തിന് കഴിഞ്ഞില്ല. പലവിധ എഴുത്തുകുത്തുകൾക്ക് ഒടുവിൽ 2022 മാര്‍ച്ച് 31 ന് മുൻപ് തുക അനുവദിച്ചതിന്‍റെ രേഖകൾ അടക്കം നൽകണമെന്ന കേന്ദ്രത്തിന്‍റെ അന്ത്യശാസനവും കേരളം കണക്കിലെടുത്തില്ല. ഫലത്തിൽ കേന്ദ്രവിഹിതം നഷ്ടമായി. 

ആറാം ശമ്പള പരിഷ്കരണം നടപ്പാക്കിയ 2013 - 16 കാലയളവിൽ നാല് ഗഡുക്കളായാണ് സംസ്ഥാനം തുക അനുവദിച്ചത്. പല സംസ്ഥാനങ്ങളും തുക വകമാറ്റി ചെലവഴിക്കുന്നുവെന്ന ആക്ഷേപത്തിന് ഒടുവിലാണ് സാമ്പത്തിക സഹായമെന്ന വ്യവസ്ഥ മാറ്റി ആനുകൂല്യം നൽകിയ ശേഷം പണമെന്ന വ്യവസ്ഥയിലേക്ക് മാറേണ്ടി വന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു. അനാവശ്യ വ്യവസ്ഥ വച്ച് സഹായം നിഷേധിച്ചെന്നാണ് സംസ്ഥാനത്തിന്റെ പരാതി. ആത്യന്തിക നഷ്ടം അധ്യാപകര്‍ക്കാണ്. സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്തിന് കൊടുക്കാൻ പണമില്ലെന്ന് മാത്രല്ല, കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട പണം സംസ്ഥാനം വാങ്ങിക്കൊടുത്തുമില്ല.

അബിഗേലിനെ കണ്ടെത്തി | Abigail Sara found | Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios