ട്രാക്ടർ റാലിക്ക് പിന്നാലെ പുതിയ സമരമുഖം തുറക്കാനാണ് കർഷകസംഘടനകളുടെ തീരുമാനം. രാജ്യവ്യാപകമായി ഇന്ന് ദേശീയപാത ഉപരോധിക്കും

ദില്ലി: കർഷക സമരത്തിൽ പ്രതികരണവുമായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന. വിഷയത്തിൽ സർക്കാരും പ്രതിഷേധക്കാരും സംയമനം പാലിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. പ്രശ്നത്തിൽ മനുഷ്യാവകാശം ഉറപ്പാക്കി എത്രയും വേഗം പരിഹാരം കാണണം. സമാധാനപരമായി പ്രതിഷേധങ്ങൾക്കായി ഒത്തു കൂടാൻ എല്ലാവർക്കും അവകാശമുണ്ട്. ഇത് സംരക്ഷിക്കപ്പെടണമെന്നും സംഘടന പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രതികരണം ലഭ്യമായിട്ടില്ല 

ട്രാക്ടർ റാലിക്ക് പിന്നാലെ പുതിയ സമരമുഖം തുറക്കാനാണ് കർഷകസംഘടനകളുടെ തീരുമാനം. രാജ്യവ്യാപകമായി ഇന്ന് ദേശീയപാത ഉപരോധിക്കും. പകൽ 12 മണി മുതൽ മൂന്ന് മണിവരെയാണ് ഉപരോധം. ദില്ലി എൻസിആർ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ പ്രധാനപാതകൾ ഉപരോധിക്കും. സമരവുമായി ബന്ധപ്പെട്ട് കർഷകർക്കുള്ള നിർദ്ദേശങ്ങൾ സംയുക്ത കിസാൻ മോർച്ച പുറത്തിറക്കി. 

അടിയന്തര സർവീസുകൾ ഉപരോധ സമയത്ത് അനുവദിക്കും. സർക്കാർ ഉദ്യോഗസ്ഥരോ ജനങ്ങളോ ആയി തർക്കമുണ്ടാകരുത്. സമാധാനപരമായി മാത്രം ഉപരോധം നടത്തണമെന്നും നിർദ്ദേശം നൽകി. സമരത്തിന് മുന്നോടിയായി ഇന്നലെ ഉത്തർ പ്രദേശിലെ ഷാമിലിയിൽ വിലക്ക് ലംഘിച്ച് മഹാപഞ്ചായത്ത് ചേർന്നത് പൊലീസിന് തിരിച്ചടിയായി. ഉപരോധത്തിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കർഷകർ ദില്ലിയിലേക്ക് കടന്ന് ഉപരോധം നടത്താൻ സാധ്യത കണക്കിലെടുത്ത് പൊലീസ് അതിർത്തികളിൽ സുരക്ഷ കൂട്ടി. ദില്ലി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തി. ഹരിയാന പൊലീസിനും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.