തിരുവനന്തപുരം: യുഎന്‍എ സാമ്പത്തിക തട്ടിപ്പ് കേസില്‍ സംഘടനയുടെ ദേശീയ പ്രസിഡന്‍റ് ജാസ്മിന്‍ ഷായുടെ ഭാര്യയെ ഉള്‍പ്പടെ കൂടുതല്‍ പേരെ  പ്രതി ചേര്‍ത്തു. കേസില്‍ എട്ടാം പ്രതിയാണ് ജാസ്മിന്‍ ഷായുടെ ഭാര്യ ഷബ്ന. സംഘടനയുടെ പണം ഷബ്നയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. 

സംഘടനയുടെ അക്കൗണ്ടില്‍ നിന്ന് 55 ലക്ഷം രൂപ ഷബ്നയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസിലാകെ എട്ടു പ്രതികളാണ് ഇപ്പോഴുള്ളത്. ജാസ്മിന്‍ ഷായും  സംസ്ഥാന പ്രസിഡന്‍റ് ഷോബി ജോസഫും ഉള്‍പ്പടെ നാല് പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. 

പ്രതികൾ പേര് മാറ്റി പല ഇടങ്ങളിൽ ഒളിവിൽ താമസിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ലുക്കൗട്ട് നോട്ടീസിൽ പറയുന്നത്. പ്രതികളെക്കുറിച്ച് വിവരം കിട്ടുന്നവർ ഉടനടി പൊലീസിൽ വിവരമറിയിക്കണമെന്ന് വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസിൽ പറയുന്നു.  ജാസ്മിൻ ഷാ ഒളിവിലാണെന്നായിരുന്നു നേരത്തേ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. മൊഴിയെടുക്കാനായി ഹാജരാവണമെന്ന് ജാസ്മിന്‍ ഷായോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. 

എന്നാല്‍, താന്‍ ഒളിവിലല്ലെന്നും അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്നും ലുക്കൗട്ട് നോട്ടീസ് പുറത്തിറങ്ങിയതിനു പിന്നാലെ ജാസ്മിന്‍ ഷാ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.