തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയിലും മേലെയാണെന്ന് തൊഴിൽ വകുപ്പിന്‍റെ കണക്ക്. കേരളത്തിലെ ആകെ ജനസംഖ്യയുടെ 9.53 ശതമാനം പേര്‍ തൊഴിൽ രഹിതരാണെന്നാണ് തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണൻ നിയമസഭയിൽ നൽകിയ കണക്ക്.  മുപ്പത്താറ് ലക്ഷത്തി ഇരുപത്തയ്യായിരത്തി എണ്ണൂറ്റി അമ്പത്തിരണ്ട് പേരാണ് സംസ്ഥാനത്ത് തൊഴിൽ രഹിതരുടെ പട്ടികയിൽ ഉള്ളത്. ഇവരിൽ തന്നെ 2300139 പേരും സ്ത്രീകളാണ്.

6.1 ശതമാനമാണ് തൊഴിലില്ലായ്മയുടെ ദേശീയ ശരാശരി എന്നിരിക്കെ 9.53 ശതമാനം പേരാണ് കേരളത്തിൽ തൊഴിൽ രഹിതരായി ഉള്ളത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും കൂട്ടത്തിൽ കുറവല്ല, സംസ്ഥാനത്ത് 44,559 എഞ്ചിനിയർമാരും , 7,303 ഡോക്ടർമാരും തൊഴിലില്ലായ്മ അനുഭവിക്കുന്നുണ്ടെന്നാണ് തൊഴിൽ വകുപ്പിന്‍റെ കണക്ക്.