കേസെടുക്കാന്‍ രാഹുല്‍ ഗാന്ധിയും പിണറായി വിജയനും ഒന്നിച്ചുവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
ദശാബ്ദങ്ങളായി ജമ്മു കശ്മീരില്‍ നിന്ന് പഞ്ചാബിലും കേരളത്തിലുമടക്കം നിരവധി നിഷ്കളങ്കരുടേയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും ജീവനെടുത്ത എസ്ഡിപിഐ, പിഎഫ്ഐ, ഹമാസ് അടക്കമുള്ള തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഇന്ത്യ സഖ്യത്തിലെ പങ്കാളികള്‍ ഒന്നിച്ചെന്നാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിക്കുന്നത്

ദില്ലി: സമൂഹമാധ്യമങ്ങളിലൂടെ സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചെന്ന ആരോപണത്തില്‍ കേസ് എടുത്തതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കേസെടുക്കാന്‍ രാഹുല്‍ ഗാന്ധിയും പിണറായി വിജയനും ഒന്നിച്ചുവെന്നാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിക്കുന്നത്. സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്റെ പരാതിയ്ക്ക് പിന്നാലെ കെപിസിസിയും കേന്ദ്രമന്ത്രിക്കെതിരെ പരാതിപ്പെട്ടിരുന്നു. ദശാബ്ദങ്ങളായി ജമ്മു കശ്മീരില്‍ നിന്ന് പഞ്ചാബിലും കേരളത്തിലുമടക്കം നിരവധി നിഷ്കളങ്കരുടേയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും ജീവനെടുത്ത എസ്ഡിപിഐ, പിഎഫ്ഐ, ഹമാസ് അടക്കമുള്ള തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഇന്ത്യ സഖ്യത്തിലെ പങ്കാളികള്‍ ഒന്നിച്ചെന്നാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിക്കുന്നത്. അവരുടെ പ്രീണന ശ്രമം തുറന്നുകാട്ടിയതിന് പിന്നാലെ കേസ് എടുത്ത് പേടിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കേന്ദ്രമന്ത്രി വിശദമാക്കുന്നത്.
തീവ്രവാദ നീക്കത്തോട് കോണ്‍ഗ്രസ് പാര്‍ട്ടി മമത കാണിക്കുന്നുവെന്നാണ് ബിജെപി ദേശീയ വക്താവ് അനില്‍ ആന്റണി കെപിസിസിയുടെ പരാതിയെക്കുറിച്ച് പ്രതികരിക്കുന്നത്. സംസ്ഥാനത്ത് വളർന്നുവരുന്ന മതമൌലിക വാദത്തേക്കുറിച്ച് തുറന്ന് പറഞ്ഞതിനാണ് തനിക്കും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനുമെതിരായ കേസെന്നും ഇന്ത്യ സഖ്യത്തിലെ പങ്കാളികൾ വളരുന്ന തീവ്രവാദശ്രമങ്ങളെ പിന്തുണയ്ക്കുന്നതില്‍ മത്സരിക്കുകയാണെന്നും ബിജെപി ദേശീയ വക്താവ് പ്രതികരിക്കുന്നു.
കളമശേരി സ്ഫോടനത്തേക്കുറിച്ച് അടിസ്ഥാന രഹിതമായ അന്താരാഷ്ട്ര ഗൂഡാലോചന തത്വവും വിദ്വേഷ പ്രചാരണവും നടത്തിയതില്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനും ബിജെപി ദേശീയ വക്താവ് അനില്‍ ആന്റണിക്കും എതിരായി കെപിസിസ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി വെറുപ്പ് പടർത്താന്‍ ആരേയും അനുവദിക്കില്ലെന്നും സംസ്ഥാനത്തെ സമാധാനാന്തരീക്ഷം നശിപ്പിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുമെന്നും കെപിസിസി സമൂഹമാധ്യമങ്ങളില്‍ വിശദമാക്കി.
കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കഴിഞ്ഞ ദിവസം പിണറായി വിജയന്‍ നടത്തിയത്. രാജീവ് ചന്ദ്രശേഖര്‍ അദ്ദേഹത്തിന്റേതായ രീതി സ്വീകരിക്കുകയാണ്. രാജ്യത്തെ ഒരു മന്ത്രിയാണ് അദ്ദേഹം, ആ മന്ത്രിക്ക് അന്വേഷണ ഏജന്‍സികളില്‍ വിശ്വാസം വേണം. പൊലീസ് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികളും ഇവിടെയെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നോട് ചോദിച്ചിരുന്നു.
ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും അന്വേഷിക്കുന്നുണ്ടെന്നും ആവശ്യമുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ ബന്ധപ്പെടാമെന്നും അദ്ദേഹത്തോട് പറഞ്ഞിരുന്നു. ആ കാര്യത്തില്‍ പ്രത്യേകമായ ഇടപെടല്‍ കേന്ദ്രം നടത്തേണ്ടതായി വരികയാണെങ്കില്‍ അതിനവര്‍ തയ്യാറാകേണ്ടി വരും. എന്നാല്‍ അത് വേണ്ടി വന്നില്ലെന്നുമാണ് പിണറായി വിജയന്‍ ഇന്നലെ പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം