Asianet News MalayalamAsianet News Malayalam

യൂണിവേഴ്‍സിറ്റി കോളേജ് സംഘർഷം: അഖിലിനെ കുത്തിയത് യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിതെന്ന് സാക്ഷിമൊഴി

യൂണിറ്റ് സെക്രട്ടറി നസീമിൽ നിന്ന് കത്തിവാങ്ങി ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്നാണ് മൊഴി. സംഭവത്തിൽ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. 

university college conflict sfi unit president shivaranjith stabbed akhil
Author
Trivandrum, First Published Jul 13, 2019, 6:08 AM IST

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ബിരുദ വിദ്യാർഥി അഖിലിനെ കുത്തിപരിക്കേൽപ്പിച്ചത് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത് ആണെന്ന് സാക്ഷി മൊഴി. യൂണിറ്റ് സെക്രട്ടറി നസീമിൽ നിന്ന് കത്തിവാങ്ങി ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്നാണ് മൊഴി. സംഭവത്തിൽ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. 

ശിവരഞ്ജിത്തിനും നസീമിനും പുറമെ അമർ, അദ്വൈദ്, ആദിൽ, ആരോമൽ, ഇബ്രാഹിം എന്നിവർക്കെതിരെയാണ് വധശ്രമത്തിന് പൊലീസ് കേസെടുത്തത്. കണ്ടാലറിയുന്ന മുപ്പതോളം പേരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. പ്രതിക‌ൾ ഇന്ന് കീഴടങ്ങിയേക്കുമെന്നാണ് സൂചന. വെള്ളിയാഴ്ച രാവിലെയാണ് യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്. ക്യാംപസിലിരുന്ന് പാട്ട് പാടിയ ഒരു സംഘം വിദ്യാര്‍ഥികളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ആക്രമത്തിനിടെ ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നെഞ്ചിലും മുതുകിലും കുത്തേറ്റ അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിന്‍റെ മധ്യഭാഗത്തായി ഏറ്റ കുത്തിനെ തുടര്‍ന്ന് ആന്തരിക രക്തസ്രവമുണ്ടായതായി കണ്ടെത്തിയതിനാല്‍ അഖിലിനെ പിന്നീട് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. നിലവില്‍ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. എസ്എഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് എഐഎസ്എഫ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും. കൂടുതൽ കുട്ടികളും എസ്എഫ്ഐക്കെതിരെ ഇന്ന് രംഗത്തെത്തിയേക്കുമെന്നാണ് സൂചന.

അതേസമയം, വിദ്യാർഥിയെ കുത്തിയ കേസിൽ പ്രതിചേർക്കപ്പെട്ട യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റിയിലെ ആറുപേരെ എസ്എഫ്ഐ സസ്പെൻഡ് ചെയ്തു. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് നസീം, സെക്രട്ടറി ശിവര‌ഞ്ജൻ അടക്കം കേസിൽ പ്രതികളായ ആറ് പേരെ സസ്പെൻഡ് ചെയ്തുവെന്നാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് ഏഷ്യാനെറ്റ് ന്യൂസ് അവറിൽ വ്യക്തമാക്കിയത്. തുടർച്ചയായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കോളേജ് യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുമെന്നും സച്ചിൻ ദേവ് പറഞ്ഞു. എസ്എഫ്ഐ ദേശീയ അധ്യക്ഷൻ വിപി സാനുവും യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടണമെന്ന് നിലപാട് എടുത്തിരുന്നു.  

എന്നാൽ, എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിക്കെതിരെ ശക്തമായ ആരോപണങ്ങളാണ് വിദ്യാർത്ഥി കൂട്ടായ്മ ഉയർത്തുന്നത്. നഗരമധ്യത്തിൽ പൊലീസുകാരനെ ആക്രമിച്ച കേസിൽ പ്രതിയായിട്ടും നസീമിനെ വീണ്ടും എസ്എഫ്ഐ യൂണിറ്റ് ഭാരവാഹിയാക്കിയതിനെ  വിദ്യാർഥികള്‍ വിമർശിച്ചു. നസീം അടക്കം അക്രമത്തിൽ പങ്കാളിയായ യൂണിറ്റ് കമ്മിറ്റി അംഗങ്ങളെ പുറത്താക്കണമെന്നാണ് വിദ്യാർഥി കൂട്ടായ്മയുടെ ആവശ്യം. ന്യൂസ് അവർ ചർച്ചയിൽ വിദ്യാർഥി കൂട്ടായ്മയിലെ പ്രതിനിധി അടക്കം ശക്തമായി രംഗത്ത് എത്തി. അക്രമികൾക്ക് എസ്എഫ്ഐ നേതാക്കൾ അഭയം നൽകിയെന്ന് വിദ്യാർഥി കൂട്ടായ്മ പ്രതിനിധി ജിതിൻ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ആരോപിച്ചു. 

Follow Us:
Download App:
  • android
  • ios