തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം വീണ്ടും യൂണിവേഴ്സിറ്റി കോളേജ് പഴയപടിയിലേക്ക് മാറുകയാണ്. അഖിൽ വധശ്രമത്തിന് ശേഷം യൂണിവേഴ്സിറ്റി കോളേജിൽ നടപ്പാക്കിയ മാറ്റങ്ങൾ എങ്ങുമെത്തിയില്ല എന്ന് തെളിയിക്കുന്നതാണ് ഇപ്പോഴും തുടരുന്ന അക്രമങ്ങൾ പുതിയ സംഘർഷങ്ങൾ രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം.

ഏകസംഘടനാ വാദമുയർത്തി എസ്എഫ്ഐ യൂണിവേഴ്സിറ്റി  കോളേജിനെ നിയന്ത്രിച്ചത് പതിറ്റാണ്ടുകൾ, എന്നാൽ എസ്എഫ്ഐ പ്രവർത്തകൻ അഖിൽ ചന്ദ്രന്‍റെ നെഞ്ചിൽ എസ്എഫ്ഐക്കാർ തന്നെ കുത്തിയതോടെ കൊളേജിലെ പല അക്രമസംഭവങ്ങളും മറനീക്കി പുറത്തുവന്നു. ഇതോടെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നേരിട്ടുള്ള ഇടപെലുണ്ടായി, കൊളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മാർഗനിർദ്ദേശങ്ങളോടെ കൊളേജ് ഉടച്ചുവാർക്കാൻ സർക്കാർ തന്നെ മുന്നിട്ട് ഇറങ്ങി. ഒരു വിഭാഗം അധ്യാപകരെ ഒന്നടങ്കമാണ് സ്ഥലം മാറ്റിയത്. ഇടിമുറിയെന്ന് പേരിൽ കുപ്രസിദ്ധി നേടിയ എസ്എഫ്ഐ യൂണിറ്റ് ആസ്ഥാനം ഒഴിപ്പിച്ചു, കെഎസ്‍യു യൂണിറ്റ് രൂപീകരിച്ചു ഒരുപാട് മാറ്റങ്ങൾക്ക് കലാലയമുത്തശ്ശി സാക്ഷിയായി.

എന്നാൽ കൊളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് ശേഷം സ്ഥിതി വീണ്ടും പഴയപടി ആകുന്നു എന്നതിന് തെളിവാണ് ഒടുവിലത്തെ അക്രമസംഭവങ്ങൾ. കെഎസ്‍യു അംഗബലം കൂടിയതോടെ നേർക്ക് നേർ പോർവിളി പതിവായി. ഹോസ്റ്റലിൽ എസ്എഫ്ഐ മുൻ നേതാവായ മഹേഷിന്‍റെ ഭീഷണിയും അക്രമവും പുറത്തായതോടെ കാര്യങ്ങൾ വഷളായി. പിന്നാലെ കോളേജിലെ എസ്എഫ്ഐ കെഎസ്‍യു അക്രമവും കൂടിയായപ്പോൾ പ്രതിപക്ഷത്തിന് യൂണിവേഴ്സിറ്റി കൊളെജ് വീണ്ടും ആയുധമാകുന്നു.

അതേ സമയം പലപ്പോഴും കെഎസ്‍യു പ്രകോപനം ഉണ്ടാക്കുന്നുവെന്നാണ് എസ്എഫ്ഐ വാദം. കൊളേജ് വീണ്ടു അക്രമ കേന്ദ്രമാകുമ്പോൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് കൊണ്ട് വന്ന മാർഗനിർദ്ദേശങ്ങളുടെ പൊള്ളത്തരവും തുറന്നുകാട്ടപ്പെടുകയാണ്. രാഷ്ട്രീയ പോർവിളികളും അക്രമങ്ങളും തുടർക്കഥയാകുമ്പോൾ സമാധാനപരമായ അക്കാദമിക അന്തരീക്ഷം ഇപ്പോഴും അകലെ.