തിരുവനന്തപുരം: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് നാളെ തുറക്കും. കോളേജിലും ഹോസ്റ്റലിലും നടന്ന സംഘര്‍ഷഭരിതമായ സാഹചര്യം കണക്കിലെടുത്താണ് യൂണിവേഴ്സിറ്റി കോളേജിന് കഴിഞ്ഞ ദിവസം അവധി നല്‍കിയിരുന്നത്.  കോളേജ് തുറന്നതിന് ശേഷം വിദ്യാര്‍ത്ഥി സംഘടനകളുമായി പ്രശ്നങ്ങള്‍ സംബന്ധിച്ച ചര്‍ച്ച നടത്താമെന്ന തീരുമാനത്തിലാണ് പ്രിന്‍സിപ്പല്‍. 

ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം വീണ്ടും യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷ ഭരിതമാകുകയായിരുന്നു. ഹോസ്റ്റലിൽ വച്ച് കെഎസ്‍യു പ്രവർത്തകർക്ക് നേരെ എസ്എഫ്ഐ നേതാവായിരുന്ന 'ഏട്ടപ്പൻ' എന്ന് വിളിക്കപ്പെടുന്ന മഹേഷ് കൊലവിളി മുഴക്കിയതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കോളേജില്‍ വീണ്ടും പ്രശ്നങ്ങള്‍ വഷളാക്കിയത്. കെഎസ്‍യു പ്രവർത്തകനായ നിതിൻ രാജിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പിന്നാലെ പുറത്തുവരികയും ചെയ്തു. ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരേയും അറസ്റ്റ്  ചെയ്തിട്ടില്ല. 

ഇതിന് പിന്നാലെ  കോളേജിന് മുന്നിലും എംജിറോഡിലും വെച്ച് നടന്ന സംഘര്‍ഷത്തില്‍ കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്തിനടക്കം മര്‍ദ്ദനമേറ്റു. സംഭവങ്ങളുമായി ബന്ധപ്പെട്ട് കെഎസ്‍യു എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കേസെടുത്തിട്ടുണ്ട്.