തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾ നാളെ മുതൽ പൂർണ്ണതോതിൽ പ്രവർത്തിക്കും. കണ്ടെയിൻമെന്റ് സോണുകളിൽ നിയന്ത്രണം തുടരും. ശനിയാഴ്ച അവധി തുടരും. ഇതുവരെ 50 ശതമാനം ജീവനക്കാർ മാത്രമാണ് സർക്കാർ സ്ഥാപനങ്ങളിൽ എത്തിയിരുന്നത്. ഇത് പരിഷ്ക്കരിച്ചാണ് പൂർണ്ണതോതിൽ പ്രവർത്തിക്കാനുള്ള മർഗരേഖ പുറപ്പെടുവിച്ചത്. 

സർക്കാർ ഓഫീസുകൾ പൊതുമേഖലാ സ്ഥാപനങ്ങൾ അർദ്ധസർക്കാർ സ്ഥാപനങ്ങൾ സഹകരണസ്ഥാപനങ്ങൾ എന്നിവയിലെ എല്ലാ ജീവനക്കാരും നാളെ മുതൽ ഹാജരാകണം. ഗതാഗതസൗകര്യമില്ലാത്തതിനാൽ മറ്റ് ജില്ലകളിലെ കളക്ട്രേറ്റുകളിൽ താല്ക്കാലികമായി ജോലി ചെയ്തവരും സ്വന്തം സ്ഥാപനങ്ങളിൽ റിപ്പോർട്ട് ചെയ്യണം. 

എന്നാൽ കണ്ടെയിൻമെന്റ് സോണുകളിലെ സ്ഥാപനങ്ങളിൽ ജില്ലക്കുള്ളിലെ കുറച്ച് ജീവനക്കാർ ഹാജരായാൽ മതി. ഭിന്നശേഷിക്കാർ രോഗബാധിതർ തുടങ്ങിയവരുടെ രക്ഷിതാക്കളായി ജീവനക്കാരെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി. ഒരു വയസിൽ താഴെ പ്രായമുള്ള കുട്ടിയുള്ളവരും ഏഴുമാസം ഗർഭിണികളായവരും വർക്ക് ഫ്രം ഹോം വഴി വീട്ടിലിരുന്ന ജോലി ചെയ്താൽ മതി. 

കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ പ്രത്യേക പരിഗണന നൽകണം. ജീവനക്കാർക്ക് മാസ്ക്ക് നിർബന്ധമാക്കി. ആരോഗ്യപ്രവർത്തകർക്ക് രോഗം കൂടിവരുന്ന  സാഹചര്യത്തിൽ  ആരോഗ്യവകുപ്പിലെ ജീവനക്കാർക്ക് പ്രത്യേക മാർഗനിർദ്ദേശം ഇറക്കി. രോഗികളുമായി ഇടപെട്ടവർ നിർബന്ധമായും നിരീക്ഷണത്തിൽ പോകണം. സ്ഥാപനമേധാവികൾ ഇത് ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവിൽ നിർദ്ദേശിക്കുന്നു. 

ശനിയാഴ്ചകളിലെ അവധി തുടരും. ഒരു വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ അമ്മമാർക്കും ഏഴുമാസം ഗർഭിണിയായ ജീവനക്കാർക്കും വർക്ക് ഫ്രം ഹോം വഴി ജോലി ചെയ്യാൻ ക്രമീകരണമൊരുക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. 

മാർഗ്ഗനിർദ്ദേശങ്ങൾ


1. സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകൾ/ കണ്ടെയ്ൻമെന്‍റ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ എല്ലാ സർക്കാർ ഓഫീസുകളും, പൊതു മേഖല സ്ഥാപനങ്ങളും, അർദ്ധ സർക്കാർ സ്ഥാപനങ്ങളും, സഹകരണ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കേണ്ടതാണ്. പ്രസ്തുത സ്ഥാപനങ്ങളിൽ എല്ലാ ജീവനക്കാരും ഹാജരാകേണ്ടതാണ്. 

2. സംസ്ഥാനത്തെ വിവിധ കണ്ടെയ്ൻമെന്‍റ് സോണുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അത്ത് ജില്ലയ്ക്കുള്ളിൽ നിന്നുളഅള എറ്റവും കുറച്ചു ജീവനക്കാരെ ഉപയോഗിച്ച് ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതാണ്. 

3. പൊതുഗതാഗത സൗകര്യം ലഭ്യമല്ലാത്തതിനാൽ ഓഫീസുകളിൽ ഹാജരാകാൻ കഴിയാതിരുന്ന ജീവനക്കാർ ജില്ലാ കളക്ടറേറ്റുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഏതെങ്കിലും ജീവനക്കാർ ഇത്തരം പ്രവർത്തനങ്ങളിൽ അതത് ജില്ലകളിൽ അനുപേക്ഷണീയമാണെന്ന് ജില്ലാ കളക്ടർ സാക്ഷ്യപ്പെടുത്തുന്ന പക്ഷം അവർക്ക് ഇനിയൊരുത്തരവുണ്ടാകുന്നത് വരെ അവിടെ തുടരാവുന്നതാണ്. 

4. ഭിന്നശേഷിക്കാർ, ഗുരുതര രോഗബാധിതർ, ഓട്ടിസ/ സെറിബ്രൽ പാൾസി, മറ്റു മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ എന്നീ ജീവനക്കാരെ ഡ്യൂട്ടിയിൽ നിന്നും പരമാവധി ഒഴിവാക്കേണ്ടതാണ്. 

5. ഒരു വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുള്ള അമ്മമാരായ ജീവനക്കാരെയും, ഏഴ് മാസം പൂ‍ർത്തിയായ ഗർഭിണികളായ ജീവനക്കാരെയും ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കേണ്ടതും, ഇവർക്ക് വർക്ക് ഫ്രം ഹോം വഴി ജോലി ചെയ്യാൻ ആവശ്യമായ ക്രമീകരണങ്ങൾ മേലധികാരികൾ ഏർപ്പെടുത്തേണ്ടതാണ്.

6. ആരോഗ്യപരമായും മാനസികമായും വെല്ലുവിളി നേരിടുന്ന ജീവനക്കാർ, അ‌ഞ്ചു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കളായ ജീവനക്കാർ, 65 വസിനുമേൽ പ്രായമുള്ള രക്ഷിതാക്കളുള്ള ജീവനക്കാർ എന്നിവരെ പൊതുജനങ്ങളുമായി സമ്പർക്കത്തിൽ വരുന്ന ജോലിയിൽ നിന്ന് ഒഴിവാക്കേണ്ടതാണ്.  

7. വർക്ക് ഫ്രം ഹഗോം നയം പരമാവധി പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഇ ഫയൽ ലഭ്യതയുള്ള എല്ലാ ജീവനക്കാരുടെയും ഐടി വകുപ്പ്/ ബന്ധപ്പെട്ട അധികാരികൾ വഴി വിപിഎൻ  കണക്ടിവിറ്രി നേടേണ്ടതാണ്. ഇ ഓഫീസ് വഴിയുള്ള ഫയൽ നീക്കം  വകുപ്പ് തലവൻമാരെ ഏൽപ്പിക്കേണ്ടതാണ് . വർക്ക് ഫ്രം ഹോം ഏർപ്പെടുന്ന ജീവനക്കാരുടെ ഹാജർ നിലയും മറ്റ് നടപടിക്രമങ്ങളും സംബന്ധിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ അതത് ഓഫീസ് മേധാവികൾ പ്രത്യേകം പുറപ്പെടുവിക്കേണ്ടതാണ്. 

8. മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ ശനിയാഴ്ചകൾ പ്രവർത്തി ദിവസങ്ങളായിരിക്കില്ല.

9. ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുവാൻ ജീവനക്കാർ പ്രത്യേക പരിഗണന നൽകേണ്ടതാണ്. ഓഫീസ് മേധാവികൾ ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. 

10. ഹോട്ട്സ്പോട്ട് കണ്ടെയിൻമെന്‍റ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ട മേഖലകളിൽ താമസിക്കുന്നതും പ്രസ്തുത മേഖലകൾക്ക് പുറത്തുള്ള ഓഫീസുകളിൽ ജോലി ചെയ്യുന്നവരുമായ ജീവനക്കാർ അവർ ജോലി ചെയ്യുന്ന ഓഫീസുകളിൽ ജോലി ചെയ്യുന്നവരുമായ ജീവനക്കാർ അവർ ദോലി ചെയ്യുന്ന ഓഫീസുകളിൽ ഹാജരാകേണ്ടതില്ല. പ്രസ്തുത ജീവനക്കാരൻ താമസിക്കുന്ന സ്ഥലം ഹോട്ട് സ്പോട്ട്/ കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന കാലയളവ് സംബന്ധിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ സെക്രട്ടറിയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിച്ചാൽ പ്രസ്തുത കാലയളവിലേക്ക്  സ്പെഷ്യൽ  കാഷ്വൽ ലീവ് ബന്ധപ്പെട്ട അധികാരികൾക്ക് അനുവദിക്കാവുന്നതാണ്.

11. കൊവിഡ് 19 രോഗം സ്ഥിരീകരിക്കപ്പെട്ട ജീവനക്കാർക്ക് സർക്കാർ മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ ചികിത്സാ കാലയളവിൽ സ്പെഷ്യൽ ലീവ് ബന്ധപ്പെട്ട മേലധികാരികൾക്ക് അനുവദിക്കാവുന്നതാണ്. ജീവനക്കാരുടെ വീടുകളിൽ താമസിക്കുന്ന കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും കൊവിഡ് 19 രോഗം സ്ഥിരീകരിക്കപ്പെട്ടാൽ അത്തരം ജീവനക്കാർക്ക് സർക്കാർ മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ പതിനാല് ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ് ബന്ധപ്പെട്ട മേലധികാരികൾക്ക് അനുവദിക്കാവുന്നതാണ്. 

12. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ബ്രേക്ക് ദ ചെയിൻ പരിപാടിയുടെ നടപടിക്രമങ്ങൾ ജോലിയിടങ്ങളിലും പൊതുസ്ഥലങ്ങളിളും കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഓഫീസ് മേധാവികൾ ഉറപ്പുവരുത്തേണ്ടതാണ്. സർക്കാർ ഓഫീസുകളിലും മറ്റ് തൊഴിലിടങ്ങളിലും ജോലിക്കു ഹാജരാകുന്ന ഉദ്യോഗസ്ഥരും ജീവനക്കാരും സർക്കാരിന്‍റെ കൊവിഡ് തൊഴിൽ സ്ഥല മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.