Asianet News MalayalamAsianet News Malayalam

ചെമ്പരിക്ക ഖാസിയുടെ മരണം: സിബിഐ പുനരന്വേഷിക്കുമെന്ന് അമിത് ഷായുടെ ഉറപ്പ്

2010 ഫെബ്രുവരി 15ന് രാവിലെ 6.50നാണ് സി എം അബ്ദുല്ല മുസ്‌ല്യാരുടെ മൃതദേഹം വീട്ടില്‍ നിന്നു മാറി 900 മീറ്റര്‍ അകലെയുള്ള ചെമ്പരിക്ക കടപ്പുറത്തുനിന്ന് 40 മീറ്റര്‍ അകലെ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്

unnithan met HM Amit sha to discuss about chembarikka Khasi death
Author
Delhi, First Published Dec 5, 2019, 4:43 PM IST

ദില്ലി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷനും കാസര്‍കോട് ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മുസ്‌ല്യാരുടെ ദൂരൂഹ മരണത്തെ പറ്റി സി.ബി.ഐ പുനരന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ കാസറഗോഡ് എം.പി രാജ്‌മോഹൻ ഉണ്ണിത്താന് ഉറപ്പു നൽകി. കേരളത്തിലെ 19 എം.പി മാരുടെ ഒപ്പ് സമാഹരിച്ച് ഉണ്ണിത്താന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിക്ക്  സമർപ്പിച്ച നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഉറപ്പ്. 

2010 ഫെബ്രുവരി 15ന് രാവിലെ 6.50നാണ് സി എം അബ്ദുല്ല മുസ്‌ല്യാരുടെ മൃതദേഹം വീട്ടില്‍ നിന്നു മാറി 900 മീറ്റര്‍ അകലെയുള്ള ചെമ്പരിക്ക കടപ്പുറത്തുനിന്ന് 40 മീറ്റര്‍ അകലെ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. ചെമ്പരിക്ക ഖാസിയുടേത് ആത്മഹത്യയെന്ന നിലപാടില്‍ പോലിസ് അന്വേഷണം അവസാനിപ്പിച്ചു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ സിബിഐയും പോലിസ് കണ്ടെത്തല്‍ ശരിവച്ചു.

എന്നാല്‍ സിബിഐ റിപ്പോര്‍ട്ട് തള്ളിയ കോടതി കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു. ഈ അന്വേഷണം നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് വിശദമായി പുനരന്വേഷണം ആവശ്യപ്പെട്ട് രാജ്മോഹന്‍ ഉണ്ണിത്താന്‍ അഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടത്. നേരത്തെയുള്ള അന്വേഷണ സംഘത്തെ മാറ്റി പുതിയ സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഒപ്പ് മരച്ചോട്ടിലെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടന്നു വരികയായിരുന്നു.

രാജ്മോഹന്‍ ഉണ്ണിത്താന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.... 

ഞാൻ കാസർഗോഡ് പാർലിമെന്റ് മണ്ഡലത്തിൽ മത്സരിക്കാനെത്തിയപ്പോൾ പ്രമുഖ ഇസ്ലാം പണ്ഡിതനും ,ചെമ്പരിക്ക ഖാസി CM അബ്ദുള്ള മൗലവിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും CBl അന്വേഷണം വേണമെന്നും അദ്ദേഹത്തിന്റെ ബന്ധുക്കളും ശിഷ്യൻമാരും അനിയായികളും എന്നോട് പറഞ്ഞിരുന്നു. എന്നെ നിങ്ങൾ എം.പിയായി തെരെഞ്ഞെടുത്താൽ ഞാൻ ആത്മാർത്ഥമായി പുനരന്വേഷണത്തിന്l എന്നാൽ കഴിയും വിധം ശ്രമിക്കുമെന്ന് അവർക്ക് വാക്ക് കൊടുത്തിരുന്നു. കാസർഗോട്ടെ ഒപ്പ് മരച്ചോട്ടിലെ ആക്ഷൻ കമ്മിറ്റിയുടെ സമരപന്തലും ഖാസിയുടെ ഭവനവും സന്ദർശിച്ചിരുന്നു. പിന്നീട് എം.പി ആയപ്പോൾ ആക്ഷൻ കമ്മിറ്റിയുടെ നിരവതിയായ സമര സദസ്സുകളിൽ പ്രസംഗിക്കുകയും പുനരന്വേഷണത്തിന് ആവശ്യമായ ഇടപെടൽ നടത്തുമെന്നും വീണ്ടുമറിയിച്ചു.

പിന്നീട് കേരളത്തിലെ 19 UDF എം.പിമാരുടെ ഒപ്പുകൾ ശേഖരിച്ച് നിവേദനം തയ്യാറാക്കി പ്രസ്തുത നിവേദനം കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ.അമിത്ഷാക്ക് ഇന്ന് നൽകുകയുണ്ടായി. ബഹു.കോൺഗ്രസ്സ് പാർലമെന്റ് ചീഫ് വിപ്പ് ശ്രീ.കൊടിക്കുന്നിൽ സുരേഷും എന്നോടൊപ്പം ഉണ്ടായിരുന്നു. നിവേദനത്തിലെ ഉള്ളടക്കം ശ്രദ്ധയോടെ കേട്ട ശ്രീ.അമിത് ഷാ CBl അന്വക്ഷണം പ്രഖ്യാപിക്കാമെന്ന് എനിക്ക് ഉറപ്പ് നൽകി.ഖാസിയുടെ ശിഷ്യരോടും ബന്ധുക്കളോടും വിശിഷ്യ കാസർഗോട്ടെ ജനങ്ങളോടും നൽകിയ വാക്ക് പാലിക്കാൻ കഴിഞ്ഞതിൽ തികഞ്ഞ ചാരിതാർത്ഥ്യം എനിക്ക് ഉണ്ട്.

Follow Us:
Download App:
  • android
  • ios