റെക്കോർഡുകൾ എപ്പോഴും തിരുത്തപ്പെടാനുള്ളതാണ്. എന്നാൽ ചില റെക്കോർഡുകൾ എന്നും മാറ്റമില്ലാതെ നിലകൊള്ളും. 2021-ൽ മട്ടന്നൂരിന്റെ മണ്ണിൽ കെ.കെ ശൈലജ കോറിയിട്ടത് അത്തരത്തിലൊരു ചരിത്രമാണ്. 61,035 വോട്ടുകളുടെ ആ ഭൂരിപക്ഷം വെറുമൊരു സംഖ്യയല്ല, കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പടയോട്ടത്തിന്റെ അടയാളമാണ്. 

കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന അധ്യായങ്ങളിലൊന്നാണ് 2021-ൽ മട്ടന്നൂർ മണ്ഡലം കുറിച്ചത്. അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ശൈലജ ടീച്ചർ നേടിയ 61,035 വോട്ടിന്റെ ഭൂരിപക്ഷം കേവലം ഒരു ജയമായിരുന്നില്ല, മറിച്ച് സമാനതകളില്ലാത്ത ഒരു റെക്കോർഡ് വേട്ടയായിരുന്നു. 2026-ലെ പോരാട്ടം പടിവാതിൽക്കൽ നിൽക്കെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പ്രധാന ചോദ്യം, ശൈലജ ടീച്ചറുടെ ആ സർവ്വകാല റെക്കോർഡ് ഇത്തവണ ആരെങ്കിലും മറികടക്കുമോ? അതോ മട്ടന്നൂരിലെ ആ ചരിത്രം ഇനി വഴിമാറാതെ തുടരുമോ?

Add Asianetnews as a Preferred SourcegooglePreferred

തകർന്നത് 15 വർഷത്തെ റെക്കോർഡ്

2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥി എം. ചന്ദ്രൻ നേടിയ 47,671 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഒന്നര പതിറ്റാണ്ടോളം കേരളത്തിലെ ഏറ്റവും വലിയ റെക്കോർഡായി നിലനിന്നിരുന്നത്. അന്ന് ഡിഐസി സ്ഥാനാർത്ഥി എ. രാഘവനെ പരാജയപ്പെടുത്തിക്കൊണ്ടാണ് ചന്ദ്രൻ ഈ നേട്ടം കൈവരിച്ചത്. എന്നാൽ 2021-ൽ മട്ടന്നൂരിൽ ശൈലജ ടീച്ചർ ജനവിധി തേടിയപ്പോൾ ആ റെക്കോർഡ് വെറും പഴങ്കഥയായി മാറി. യുഡിഎഫ് സ്ഥാനാർത്ഥി ഇല്ലിക്കൽ അഗസ്തിയെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് റെക്കോർഡ് ലീഡാണ് ടീച്ചർ സ്വന്തമാക്കിയത്. മട്ടന്നൂരിലെ ആകെ സമ്മതിദായകർ 1,90,139 ആയിരുന്നുവെങ്കിൽ, വോട്ട് രേഖപ്പെടുത്തിയ 1,55,134 പേരിൽ 96,129 പേരും ടീച്ചർക്ക് അനുകൂലമായി വിധി എഴുതി. യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഇല്ലിക്കൽ ആഗസ്തിക്ക് 35,166 വോട്ടുകൾ മാത്രമാണ് നേടാനായത്. ബിജെപി സ്ഥാനാർത്ഥിയായിരുന്ന ബിജു ഇളക്കുഴിക്ക് ലഭിച്ചതോ വെറും 18,223 വോട്ടുകൾ മാത്രം.

റെക്കോർഡുകൾക്ക് പിന്നിലെ 'ആരോഗ്യ' രാഷ്ട്രീയം

നിപ്പ, കോവിഡ് മഹാമാരികളുടെ കാലത്ത് ടീച്ചർ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ജനകീയ അംഗീകാരമായാണ് ഈ വൻ വിജയം വിലയിരുത്തപ്പെട്ടത്. അന്താരാഷ്ട്ര തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ട ടീച്ചറുടെ നേതൃത്വമികവിന് മട്ടന്നൂരിലെ വോട്ടർമാർ നൽകിയ 'എ പ്ലസ്' ആയിരുന്നു ആ ഭൂരിപക്ഷം. 2021-ൽ ശൈലജ ടീച്ചർക്ക് പിന്നിൽ രണ്ടാമതായി ഏറ്റവുമധികം ഭൂരിപക്ഷം നേടിയത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ധർമ്മടത്ത് നിന്ന് 50,123 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വീണ്ടും സഭയിലെത്തിയത്.

ശൈലജ ടീച്ചറുടെ രാഷ്ട്രീയ യാത്ര

മട്ടന്നൂർ പഴശ്ശിരാജ കോളേജിൽ വിദ്യാർത്ഥിയായിരിക്കെ എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ശൈലജ ടീച്ചർ, പിന്നീട് ഡിവൈഎഫ്ഐയിലൂടെയും മഹിളാ അസോസിയേഷനിലൂടെയും കരുത്തുറ്റ നേതാവായി വളർന്നു. 1996-ൽ കൂത്തുപറമ്പിൽ നിന്നും 2006-ൽ പേരാവൂരിൽ നിന്നും നിയമസഭയിലെത്തിയ അവർ 2011-ൽ പരാജയം രുചിച്ചുവെങ്കിലും 2016-ൽ കൂത്തുപറമ്പിലൂടെ വീണ്ടും നിയമസഭയില്‍ തിരിച്ചെത്തി മന്ത്രിയായി. 2019-ൽ പുറത്തിറങ്ങിയ 'വൈറസ്' എന്ന സിനിമയിൽ രേവതി അവതരിപ്പിച്ച കഥാപാത്രം പോലും ടീച്ചറുടെ നിപ്പ പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായിരുന്നു. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടുവെങ്കിലും നിയമസഭയിലെ ടീച്ചറുടെ റെക്കോർഡ് ഇപ്പോഴും അജയ്യമായി തുടരുന്നു.

2026-ൽ ലക്ഷ്യം കാണുന്നവർ ആര്?

ചരിത്രം എപ്പോഴും തിരുത്തപ്പെടാനുള്ളതാണ്. 2026-ലെ നിയമസഭാ പോരാട്ടത്തിൽ ഏതെങ്കിലും സ്ഥാനാർത്ഥിക്ക് മട്ടന്നൂർ വിസ്മയം മറികടക്കാൻ കഴിയുമോ എന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ കോട്ടയായ ധർമ്മടത്ത് ഭൂരിപക്ഷം വർദ്ധിപ്പിക്കുമോ അതോ മറ്റേതെങ്കിലും പുതിയ തരംഗങ്ങൾ ഏതെങ്കിലും മണ്ഡലത്തിൽ ആഞ്ഞുവീശുമോ എന്നതാണ് ഇനി അറിയേണ്ടത്. കേരളത്തിലെ വോട്ടർമാർ ഇത്തവണ ആർക്കെങ്കിലും ഈ റെക്കോർഡ് തകർക്കാനുള്ള കരുത്ത് നൽകുമോ? അതോ ശൈലജ ടീച്ചറുടെ പേരിൽ ആ റെക്കോർഡ് ഇനിയും ഭദ്രമായിരിക്കുമോ? കണ്ട് തന്നെ അറിയാം.