ഒമാൻ തീരത്ത് മുങ്ങിയ എംഎസ്‍വി വിരാട് 1 എന്ന പായ്ക്കപ്പലിലെ 14 ഇന്ത്യാക്കാരെയും രക്ഷപ്പെടുത്തി. അമേരിക്കൻ നാവിക സേനയുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ ഇന്ത്യൻ നാവികസേനയും പങ്കാളികളായി. എഞ്ചിൻ തകരാറാണ് അപകടത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു

മസ്കറ്റ്: ഒമാൻ തീരത്ത് മുങ്ങിയ പായ്ക്കപ്പലിലെ 14 ഇന്ത്യാക്കാരെയും രക്ഷിച്ചു. പായ്ക്കപ്പൽ മുങ്ങുന്ന വിവരം ഇന്ത്യക്ക് കൈമാറിയ അമേരിക്കൻ നാവിക സേനയാണ് രക്ഷകരായത്. ശനിയാഴ്ച റാസ് അൽ ഹദ്ദിന് കിഴക്ക് 80 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം സംഭവിച്ചത്. അമേരിക്കൻ നാവികസേനയുടെ പി 8 വിമാനം അപകടത്തിൽപ്പെട്ടവർക്കായി ഉടൻ ലൈഫ് റാഫ്റ്റ് താഴേക്കിട്ടു നൽകുകയും, ജീവനക്കാരെ രക്ഷിക്കാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. പിന്നാലെ മർച്ചന്റ് വെസൽ ജബൽ അലി 9 എന്ന കപ്പലും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി. അമേരിക്കൻ നാവിക സേന നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നാവികസേനയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പായ്ക്കപ്പലിലുണ്ടായിരുന്ന ഇന്ത്യാക്കാരെയെല്ലാം സുരക്ഷിതരാക്കിയെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. യാത്രക്കാരെയെല്ലാം ലൈഫ് റാഫ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ ഇന്ത്യക്കാർ സുരക്ഷിതരെന്നും എംബസി വ്യക്തമാക്കി. എം എസ് വി വിരാട് 1 എന്ന് പായ്ക്കപ്പലാണ് അപകടത്തിൽപ്പെട്ടത്. എഞ്ചീൻ തകരാറാണ് ഉണ്ടായതെന്നും അധികൃതർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player