വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് മരിച്ച സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ തീരാദു:ഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

തിരുവനന്തപുരം: ഉത്സവങ്ങളുടെ ഭാഗമായി ഇത്തരത്തിലുള്ള അപകടകരമായ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതിനെപ്പറ്റി ഉത്സവ കമ്മിറ്റികളും മതപണ്ഡിതന്മാരും മുന്‍വിധി കൂടാതെ ചിന്തിക്കണമെന്ന് ഈ ദുരന്തം വിരല്‍ ചൂണ്ടുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് മരിച്ച സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ തീരാദു:ഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും പരിക്കേറ്റ എല്ലാവര്‍ക്കും വിദഗ്ധ ചികിത്സയും സഹായവും ലഭ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

മന്ത്രിമാരായ വി എൻ വാസവൻ, മുഹമ്മദ് റിയാസ്, കെ കൃഷ്ണൻകുട്ടി എന്നിവര്‍ ആശുപത്രിയിൽ എത്തിയിരുന്നു. അപകട കാരണം അറിയാൻ ശാസ്ത്രീയ പരിശോധന വേണമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. സർക്കാരിന് സാധ്യമാകുന്നതെല്ലാം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. വളരെ ദുഖകരമായ സംഭവമാണ്, സംസ്ഥാന സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തന്നെ സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്തുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഡോക്ടേഴ്സിന്‍റെ ഒരു ടീമുണ്ട്. പാലക്കാട് നിന്നും സ്പെഷ്യൽ ടീം വന്നിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ഒരു ടീം വരുന്നു. ഇങ്ങനെ സാധ്യമാകുന്ന എല്ലാക്കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. മന്ത്രി കെ കൃഷ്ണൻകുട്ടിയും പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയിൽ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഡി എൻ എ പരിശോധനകൾക്കായി വിദഗ്ധരെത്തുമെന്നും നാളെ ഡിഎൻഎ പരിശോധന ആരംഭിക്കുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു. 

Asianet News Live | Thrissur Fireworks Blast | Kerala Breaking News | Malayalam News | HD News