കൊല്ലം: ലഹരി മരുന്നുകള്‍ക്ക് പുറമേ വില കൂടിയ എംഡിഎംഎ അടക്കം സിന്തറ്റിക് ഡ്രഗുകൾ ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണം കേരളത്തിൽ കൂടുന്നു. മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തരം കേസുകള്‍ കൂടിയിട്ടുണ്ടെന്നു എക്സൈസ് വകുപ്പ് തന്നെ സമ്മതിക്കുന്നു.പതിനായിരങ്ങള്‍ ചെലവിട്ട് ബെംഗളൂരുവിൽ നിന്നുമാണ് ഇത് എത്തിക്കുന്നതെന്ന് ഇത്തരം ലഹരിക്ക് അടിമയായ ഒരു യുവാവും വെളിപ്പെടുത്തുന്നു. 

ലഹരിയുടെ ലോകത്ത് പുതിയ പാതകൾ തേടുകയാണ് കേരളം. കഞ്ചാവും ഹാഷിഷും കടന്ന് ഇപ്പോള്‍ ട്രെന്‍ഡ് എംഡിഎംഎ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകളാണെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കുന്നു. ഇത്തരം സംഭവങ്ങൾ ധാരാളമായി കൂടുകയാണെന്നും എക്സൈസ് വകുപ്പിൻ്റെ കണക്കുകളിൽ വ്യക്തമാണ്. 

ഒരു ഗ്രാമിന് 4000 രൂപ വരെ നല്‍കിയാണ് ചെറുപ്പക്കാര്‍ ഇത് വാങ്ങുന്നതെന്നാണ് വിവരം. ഇത്തരം ലഹരികള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയെന്ന് കണ്ടെത്തിയതോടെ എക്സൈസ് വകുപ്പ് സ്കൂളുകളിലും ക്യാപസുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 

അതേസമയം പരിശോധകളൊക്കെ മറികടക്കാൻ ഒറ്റപ്പെട്ട ഇടങ്ങള്‍ ഒഴിവാക്കി തിരക്കുള്ള റോഡുകൾ പോലും എംഡിഎംഎയുടെ വിൽപനക്കാർ ആശ്രയിച്ചുതുടങ്ങി. ലഹരി നിറച്ച കുഞ്ഞൻ പാക്കറ്റുകൾ ഒളിപ്പിക്കാനും പ്രയാസമില്ലെന്ന് ഇവര്‍ പറയുന്നു. ഇത്തരം ഡ്രഗുകൾ കഴിച്ച് ഉന്മാദത്തിന്‍റെ മറ്റൊരു അവസ്ഥയിൽ അക്രമാസക്തരാകുന്നവരുമുണ്ട് ഇക്കൂട്ടത്തിലെന്നും എക്സൈസ് വ്യക്തമാക്കുന്നു.