Asianet News MalayalamAsianet News Malayalam

ഉത്ര വധക്കേസ്: അന്തിമ വാദം തുടങ്ങി, അപൂര്‍വമായ കൊലപാതകരീതിയെന്ന് പ്രേസിക്യൂഷന്‍

കേസിൽ ഈ മാസം അവസാനത്തോടെ കേസില്‍ അന്തിമ വിധിയുണ്ടാകുമെന്നാണ് സൂചന. 2020 മെയ് ആറിനാണ് സൂരജ് ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്.

uthra murder case final hearing started
Author
Kollam, First Published Jul 3, 2021, 7:47 AM IST

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ ശാസ്ത്രീയ തെളിവുകൾ നിരത്തി കോടതിയിൽ പ്രോസിക്യൂഷൻ്റെ അന്തിമ ഘട്ട വാദം. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നതിന് പിന്നിലെ ആസൂത്രണം വെളിവാക്കുന്ന വിദഗ്ധ സമിതി റിപ്പോർട്ട് ഉൾപ്പെടെയുള്ള തെളിവുകളാണ് കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയില്‍ പ്രോസിക്യൂഷൻ നിരത്തിയത്. കേസിൽ ഈ മാസം അവസാന വാരത്തോടെ വിധി പ്രഖ്യാപനം ഉണ്ടായേക്കും.

ശാസ്ത്രീയ തെളിവുകള്‍ നിരത്തിയാണ് ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ കോടതിയിലെ പ്രോസിക്യൂഷന്‍റെ അന്തിമ വാദം. ഇതിനായി ഉത്രയുടേത് കൊലപാതകമെന്ന് സൂചിപ്പിക്കുന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. സര്‍പ്പ ശാസ്ത്രജ്ഞന്‍ മവീഷ് കുമാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് അന്‍വര്‍, മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍ കിഷോര്‍ കുമാര്‍, ഫൊറന്‍സിക് വിദഗ്ധ ഡോക്ടര്‍ ശശികല എന്നിവരടങ്ങിയ സമിതിയാണ് ഉത്രയുടേത് കൊലപാതകമാണെന്ന് ശാസ്ത്രീയമായി കണ്ടെത്തിയത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി ഉത്ര വധക്കേസ് പരിഗണിക്കണമെന്ന ആവശ്യമാണ് പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ ഉന്നയിക്കുന്നത്. ഉത്രയുടെ സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടിയാണ് ക്രൂര കൃത്യം ഭര്‍ത്താവ് സൂരജ് നടപ്പാക്കിയതെന്നും തെളിവുകള്‍ ഉദ്ധരിച്ച് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

സര്‍പ്പ കോപത്തെ തുടര്‍ന്നാണ് ഉത്രയ്ക്ക് പാമ്പു കടിയേറ്റതെന്ന സൂരജിന്‍റെ വാദം പൊളിച്ചത് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടാണ്. കിടപ്പ് മുറിയിലേക്ക് ചുവരിലൂടെ മൂര്‍ഖന്‍ പാമ്പ് കയറിയെന്ന സൂരജിന്‍റെ വാദവും ശാസ്ത്രീയമായി നിലിനില്‍ക്കില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

കേസില്‍ മാപ്പ് സാക്ഷിയായി പ്രഖ്യാപിക്കപ്പെട്ട പാമ്പ് പിടുത്തക്കാരന്‍ സുരേഷിന്‍റെ മൊഴിയും സൂരജിന്‍റെ വാദങ്ങളെ ദുര്‍ബലമാക്കി. കൊലപാതകകം കൊലപാതക ശ്രമം മയക്കുമരുന്ന് കലര്‍ന്ന പാനിയം കുടിപ്പിച്ച് കൊലപ്പെടുത്തല്‍ തുടങ്ങിയത് ഉള്‍പ്പടെ അഞ്ച് വകുപ്പുകളാണ് സൂരജിന് എതിരെ ചുമത്തിയിട്ടുളളത്. ഈ മാസം അവസാനത്തോടെ കേസില്‍ അന്തിമ വിധിയുണ്ടാകുമെന്നാണ് സൂചന. 2020 മെയ് ആറിനാണ് സൂരജ് ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios