കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി കേസിലെ മാപ്പുസാക്ഷി കോടതിയില്‍. മന്ദബുദ്ധിയായതു കൊണ്ടാണ് ഉത്രയെ കൊന്നതെന്ന് കൊലപാതകത്തിനു ശേഷം  സൂരജ് തന്നോട് പറഞ്ഞിരുന്നതായി പാമ്പുപിടുത്തക്കാരന്‍ സുരേഷ് കോടതിയില്‍ മൊഴി നല്‍കി. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടാണ് താന്‍ പാമ്പിനെ സൂരജിന് വിറ്റതെന്നും കേസിന്‍റെ വിചാരണ വേളയില്‍ സുരേഷ് കോടതിയോട് പറഞ്ഞു.

ഉത്ര വധിക്കപ്പെട്ട് ആറു മാസം പിന്നിടുമ്പോഴാണ് കേസിന്‍റെ വിചാരണയ്ക്ക് കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ തുടക്കമായത്. കേസില്‍ ആദ്യം പ്രതിയാവുകയും പിന്നീട് കോടതി മാപ്പുസാക്ഷിയായി പ്രഖ്യാപിക്കുകയും ചെയ്ത പാമ്പുപിടുത്തക്കാരന്‍ സുരേഷിന്‍റെ മൊഴി രേഖപ്പെടുത്തിക്കൊണ്ടാണ് കോടതി നടപടികള്‍ തുടങ്ങിയത്. 

ഉത്രയെ കൊല്ലുകയെന്ന സൂരജിന്‍റെ ലക്ഷ്യം അറിയാതെയാണ് താന്‍ പാമ്പിനെ വിറ്റതെന്ന് സൂചിപ്പിക്കുന്ന മൊഴിയാണ് കോടതിയില്‍ സുരേഷ് നല്‍കിയത്. ഉത്രയ്ക്ക് പാമ്പുകടിയേറ്റ് മരിച്ചെന്ന് അറിഞ്ഞപ്പോള്‍ മാത്രമാണ് സൂരജിനെ സംശയിച്ചതെന്നും സുരേഷ് പറയുന്നു. മരണ വിവരമറിഞ്ഞ് സൂരജിനെ ഫോണ്‍ ചെയ്തതിനെ പറ്റി  വികാരഭരിതനായാണ് കോടതിയില്‍ സുരേഷ് സംസാരിച്ചതും.

വാദം കേള്‍ക്കാന്‍ കേസിലെ പ്രതി സൂരജും കോടതിയില്‍ ഉണ്ടായിരുന്നു. സൂരജിന്‍റെ മാതാപിതാക്കളും സഹോദരിയും കോടതി നടപടികള്‍ വീക്ഷിക്കാന്‍ എത്തി. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് അഞ്ചല്‍ സ്വദേശിനിയായ ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നത്. മൂന്നു മാസത്തിനകം കേസിന്‍റെ വിചാരണ പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷന്‍.