ലഖ്നൗ: പൗരത്വ ബില്ലിനെതിരായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. കഴുത്തിന് വെടിയേറ്റ് ചികിത്സയിലായിരുന്ന ഫിറോസാബാദ് സ്വദേശി മൊഹമ്മദ് ഹാറൂണാണ് ഇന്ന് മരിച്ചത്. കഴിഞ്ഞ ആറ് ദിവസമായി ദില്ലി എയിംസിൽ ചികിത്സയിലായിരുന്നു. സംസ്ഥാനത്തെ സംഘർഷവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ യുപി ഡിജിപിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. 

അതേസമയം വ്യാജ വാർത്തകൾ പ്രചരിപ്പിച്ചെന്ന കേസിൽ ഉത്തർപ്രദേശ് പൊലീസ് 93 കേസുകൾ രജിസ്റ്റർ ചെയ്തു. 124 പേര്‍ ഈ കേസുകളില്‍ ഇതുവരെ അറസ്റ്റിലായി. 19409 നവ മാധ്യമ പോസ്റ്റുകൾ ഇതുവരെ റദ്ദാക്കിയിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച 9372 ട്വിറ്റർ,9856 ഫേസ്ബുക്ക്, 181 യൂട്യൂബ് അക്കൗണ്ടുകൾ ബ്ലോക്കാക്കി. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 1113 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.  ഉത്തർപ്രദേശ് സർക്കാരിനെതിരെ സാമൂഹ്യപ്രവർത്തകരും സിനിമാതാരം സ്വര ഭാസ്ക്കറും രംഗത്തു വന്നു. 

അതേസമയം ജാമിയ സ‍ർവകലാശാലയിൽ ഡിസംബർ 15ന് നടന്ന പൊലീസ് നടപടിയിൽ  അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് സർവകലാശാല റിപ്പോ‍ർട്ട് നൽകി. ദില്ലിയിൽ നടന്ന സംഘർഷങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഡിസിപി രാജേഷ് ദേവിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ നിയോഗിച്ചു. ജനസംഖ്യ കണക്കെടുപ്പിൽ തെറ്റായ വിവരം നൽകണമെന്ന  അരുന്ധതി റോയിയുടെ പ്രസ്താവനയ്ക്കെതിരെ ദില്ലി പോലീസിന് ബിജെപി പരാതി നല്കി.  ദില്ലി സീലംപൂരിലെ സംഘർഷത്തില്‍ കോൺഗ്രസ് മുൻ എംഎൽഎ മദ്ദീൻ അഹമ്മദിനെതിരെ പൊലീസ് കേസെടുത്തു.