വി ഡി സതീശൻ രാവിലെ പത്തു മണിയോടെ മണ്ഡലമായ പറവൂരിലേക്ക് പോകുമെന്ന് അറിയിച്ചിരുന്നു. എങ്കിലും യാത്ര ഒഴിവാക്കി വീട്ടിൽ തുടരുകയാണ്. അതിനിടെ കളമശേരി നിയുക്ത എംഎൽഎ അബ്ദുൽ ഗഫൂറും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും സതീശന്റെ വീട്ടിലെത്തി.
കൊച്ചി: കേരളം മുഖ്യമന്ത്രിയെ കാത്തിരിക്കുമ്പോൾ, വി ഡി സതീശൻ ആലുവ ദേശത്തെ വീട്ടിൽ തുടരുകയാണ്. രാവിലെ പത്തു മണിയോടെ മണ്ഡലമായ പറവൂരിലേക്ക് പോകുമെന്ന് അറിയിച്ചിരുന്നു. എങ്കിലും യാത്ര ഒഴിവാക്കി വീട്ടിൽ തുടരുകയാണ്. അതിനിടെ കളമശേരി നിയുക്ത എംഎൽഎ അബ്ദുൽ ഗഫൂറും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും സതീശന്റെ വീട്ടിലെത്തി. അബ്ദുൽ ഗഫൂർ കൂടിക്കാഴ്ചക്ക് ശേഷം മടങ്ങിയെങ്കിലും ഷിയാസ് ഇപ്പോഴും സതീശനൊപ്പം തുടരുകയാണ്. സാധാരണ കൂടിക്കാഴ്‌ചയെന്നും മറ്റൊരു അർത്ഥവും നൽകേണ്ടെന്നും മടങ്ങുമ്പോൾ അബ്ദുൽ ഗഫൂർ പ്രതികരിച്ചു. സതീശന്റെ മണ്ഡലത്തിലെ തദ്ദേശ ജന പ്രതിനിധികൾ പലരും ദേശത്തെ വീട്ടിൽ എത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഫലം വന്നു പത്താം നാൾ ആയിട്ടും കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ ഇനിയും പ്രഖ്യാപിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയാതെ വന്നതോടെ സംസ്ഥാനം അക്ഷരാർത്ഥത്തിൽ സ്തംഭനത്തിലായി. കേരളത്തിനൊപ്പം ഫലം വന്ന എല്ലാ സംസ്ഥാനങ്ങളിലും പുതിയ സർക്കാരുകൾ ഭരണം തുടങ്ങി. ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപനം പ്രതീക്ഷിക്കുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുന്നുണ്ടെങ്കിലും എപ്പോൾ എന്നതിൽ കൃത്യമായ വിവരം ആർക്കുമില്ല. പലയിടത്തും ജനങ്ങൾ നേതാക്കളെ ചോദ്യം ചെയ്തു തുടങ്ങിയതോടെ സഖ്യകക്ഷികൾ അടക്കം സഹികെട്ടു. ഇന്ന് വൈകീട്ട് മല്ലികാർജുൻ ഖാർഗെയുമായി ചർച്ച നടത്തിയ ശേഷം രാഹുൽ അവസാന തീരുമാനം എടുക്കുമെന്നാണ് ഇപ്പോൾ കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. ചർച്ചകൾ പൂർത്തിയായെന്നും ഇന്ന് തന്നെ പ്രഖ്യാപനം പ്രതീക്ഷിക്കുന്നു എന്നുമാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതികരണം.
സതീശൻ മതിയെന്ന നിലപാടിൽ ലീഗും ആർഎസ്പിയും
അതേസമയം മുഖ്യമന്ത്രി കാര്യത്തിൽ കോൺഗ്രസ് എടുക്കുന്ന തീരുമാനത്തോട് പ്രതികരിക്കാൻ പാണക്കാട് തങ്ങളെ ചുമതലപ്പെടുത്തിയിരിക്കുകയാണ് മുസ്ലിം ലീഗ് ഉന്നതാധികാരി സമിതി. കെ സി വേണുഗോപാലിന് മുൻതൂക്കം എന്ന സൂചന ഹൈക്കമാൻഡ് നൽകിയെങ്കിലും സതീശനായി ഉറച്ചുനിൽക്കാൻ ലീഗ് നേതൃയോഗം തീരുമാനിച്ചു. ലീഗ് നിലപാടിനെ ആർ എസ് പി യും പിന്തുണച്ചു. ഒരു മണിക്കൂറിൽ താഴെ മാത്രം ആണ് ലീഗ് ഉന്നാതാധികാര സമിതി യോഗം നീണ്ടുനിന്നത്. ലീഗ് നിർദ്ദേശം കോൺഗ്രസ് തള്ളാനുള്ള സാധ്യത നിലനിൽക്കുകയാണെങ്കിലും കടുത്ത തീരുമാനങ്ങളിലേക്ക് പോകേണ്ടതില്ല എന്നാണ് നേതാക്കൾ വിലയിരുത്തിയത്. സതീശന് തന്നെയാണ് പിന്തുണ എന്ന് ഹൈക്കമാൻഡിനെ പാണക്കാട് തങ്ങൾ അറിയിച്ചിട്ടുണ്ട്. എന്നാൽ അന്തിമ തീരുമാനം ലീഗിനെ അറിയിച്ചിട്ടില്ല. പാർലമെന്ററി പാർട്ടി നേതാവിനെയും മന്ത്രിമാരെയും തീരുമാനിക്കുന്ന കാര്യത്തിൽ പാണക്കാട് തങ്ങളെ യോഗം ചുമതലപ്പെടുത്തി. അതേസമയം ലീഗിന് പിന്നാലെ ആർഎസ്പിയും തീരുമാനം നീളുന്നതിൽ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നു. ജനവികാരത്തെ അംഗീകരിക്കണമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി വ്യക്തമാക്കി.



