തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതോടെ പ്രചാരണത്തിന് തുടക്കമിട്ട് വി കെ പ്രശാന്ത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സ്വാധീനമുള്ള വി കെ പ്രശാന്ത് 'അപ്പോ നമ്മളൊരുമിച്ചങ്ങ് ഇറങ്ങുവല്ലേ' എന്ന വാചകത്തോടെയാണ് മണ്ഡലം തിരിച്ച് പിടിക്കാനുള്ള പോരാട്ടത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ കാലങ്ങളിൽ നല്‍കിയ നിർലോഭമായ പിന്തുണ ഈ തെരഞ്ഞെടുപ്പിലും നല്‍കണമെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഈ വര്‍ഷം വടക്കന്‍ കേരളത്തെ ഗ്രസിച്ച മഴക്കെടുതിയില്‍ എല്ലാ നഷ്ടമായവര്‍ക്ക് തണലായി നിന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് കൊണ്ട് ഏറെ ശ്രദ്ധേയനായ നേതാവാണ് വി കെ പ്രശാന്ത്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ എന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മൂലം ലോഡ് കണക്കിന് ആവശ്യ വസ്തുക്കളാണ് ദുരിതമനുഭവിക്കുന്നവരിലേക്ക് എത്തിയത്. ഇതോടെ മേയര്‍ ബ്രോ എന്ന വിളിപ്പേരും  പ്രശാന്തിന് ലഭിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായി പോയ വട്ടിയൂര്‍ക്കാവില്‍ വളരെ പ്രതീക്ഷയോടെയാണ് പ്രശാന്തിനെ സിപിഎം രംഗത്തിറക്കിയിരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പ്രഖ്യാപിച്ചത്. എകെജി സെന്‍ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വട്ടിയൂര്‍ക്കാവ്- വി കെ പ്രശാന്ത്, കോന്നി - കെ യു ജനീഷ് കുമാര്‍, അരൂര്‍ - മനു സി പുള്ളിക്കല്‍, എറണാകുളം - അഡ്വ. മനു റോയ്, മഞ്ചേശ്വരം - ശങ്കര്‍ റേ എന്നീ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.

ഉപതെരഞ്ഞെടുപ്പ്:സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, മഞ്ചേശ്വരത്ത് ശങ്കര്‍ റേ