Asianet News MalayalamAsianet News Malayalam

'അന്ന് ഉയര്‍ത്തിയ എതിര്‍പ്പ് ശരിയെന്ന് തെളിഞ്ഞു'; നേതൃത്വത്തെ കുത്തി വി എം സുധീരന്‍

ഇനിയും ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കട്ടെയെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സുധീരന്‍ പറഞ്ഞു. 

V M Sudheeran on jose k mani issue
Author
Trivandrum, First Published Sep 8, 2020, 5:48 PM IST

തിരുവനന്തപുരം:  കോൺഗ്രസിന് അര്‍ഹതപ്പെട്ട  രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കിയതില്‍ താന്‍ അന്ന് ഉയര്‍ത്തിയ എതിര്‍പ്പ് ശരിയെന്ന് തെളിഞ്ഞെന്ന് വി എം സുധീരന്‍. ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് 'ദാനം'ചെയ്ത നേതൃത്വത്തിന്‍റെ നിലപാട് ശരിയായിരുന്നില്ലെന്ന് താന്‍ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. താന്‍ അന്ന് ഉയര്‍ത്തിയ എതിര്‍പ്പ് ശരിയെന്ന് തെളിഞ്ഞെന്നും ഇതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നുമായിരുന്നു സുധീരന്‍റെ പ്രതികരണം. ഇനിയും ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കട്ടെയെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സുധീരന്‍ പറഞ്ഞു. 

വി എം സുധീരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ജോസ് കെ മാണി യുഡിഎഫിനോട് വിശ്വാസ വഞ്ചന കാട്ടിയെന്നും രാജ്യസഭാംഗത്വം രാജിവെക്കണമെന്നും ബഹു പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടതായി കാണുന്നു. ഇത്തരുണത്തിൽ പഴയ ഒരു കാര്യം ഓർമപ്പെടുത്തുന്നത് തികച്ചും ഉചിതവും പ്രസക്തവുമാണ്.
 കോൺഗ്രസിന് തികച്ചും  അർഹതപ്പെട്ട രാജ്യസഭാ സീറ്റ് യാതൊരു തത്വദീക്ഷയുമില്ലാതെ പാർട്ടി താല്‍പ്പര്യം ബലി കഴിച്ച് കൊണ്ട് ജോസ് കെ മാണിക്ക് 'ദാനം'ചെയ്ത നേതൃത്വത്തിൻ്റെ വിവേക ശൂന്യവും  ദീർഘവീക്ഷണമില്ലാത്തതുമായ നടപടി ശരിയായില്ലെന്ന് ഞാൻ അന്നേ ചൂണ്ടിക്കാണിച്ചിരുന്നു.

കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും ഉത്തമ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് അപ്രകാരം അഭിപ്രായപ്പെട്ടത്. തുടർന്ന് എന്‍റെ വിയോജിപ്പിൻ്റെ ഭാഗമായി യുഡിഎഫ് ഉന്നതാധികാര സമിതിയിൽ നിന്നും രാജിവയ്ക്കുകയും ചെയ്തു. എന്‍റെ നിലപാട് തീർത്തും ശരിയായിരുന്നു എന്ന് തെളിയിക്കപ്പെട്ടതിൽ അതിയായ ചാരിതാർത്ഥ്യമുണ്ട്. ഇനിയും ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കട്ടെ.

 

Follow Us:
Download App:
  • android
  • ios