കോഴിക്കോട്: കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശ്രീനിവാസ റാവുവിനെ കേന്ദ്രമന്ത്രി വി മുരളീധരന്‍ പരസ്യമായി ശാസിച്ചു. എയര്‍പോര്‍ട്ടിലെ വിഷയവുമായി ബന്ധപ്പെട്ട് നിവേദനം നല്‍കാനെത്തിയ സംഘത്തോടൊപ്പം എയര്‍പോര്‍ട്ട് ഡയറക്ടര്‍ തന്നെ കാണാനെത്തിയതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. 

മലബാര്‍ ഡെവലപ്മെന്‍റ് ഫോറം ഭാരവാഹികള്‍ക്കൊപ്പം എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശ്രീനിവാസ റാവു കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോഴായിരുന്നു കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ പരസ്യ ശാസനം. ഔദ്യോഗികമായി അറിയിക്കാതെ കാണാനെത്തിയത് എന്തിനാണെന്ന് ചോദിച്ച മന്ത്രി വിമാനത്താവളത്തില്‍ എത്തുന്ന വിവരം അറിഞ്ഞില്ലെങ്കില്‍ അത് ഭരണപരമായ വീഴ്ചയാണെന്നും കുറ്റപ്പെടുത്തി. 

കരിപ്പൂര്‍ വിമാനത്താവളം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച നിവേദനം സമര്‍പ്പിക്കാനായിരുന്നു മലബാര്‍ ഡെവലപ്മെന്‍റ് ഫോറം ഭാരവാഹികള്‍ എത്തിയത്. നിവേദക സംഘത്തോടൊപ്പം എയര്‍പോര്‍ട്ട് ഡയറക്ടര്‍ തന്നെ കാണാനെത്തിയത് ശരിയായില്ലെന്ന് വി മുരളീധരന്‍ പറഞ്ഞു. താന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഡയറക്ടര്‍ എന്തുകൊണ്ട് കാണാനെത്തിയില്ലെന്നും മന്ത്രി ചോദിച്ചു. 

മന്ത്രി വിമാനത്താവളത്തില്‍ എത്തിയത് താന്‍ അറിഞ്ഞില്ലെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ അത് ഔദ്യോഗിക കൃത്യനിര്‍വഹണത്തിലുളള വീഴ്ചയാണെന്ന് മന്ത്രി പ്രതികരിച്ചു. എന്നാല്‍ കേന്ദ്രമന്ത്രി എത്തുന്നത് സംബന്ധിച്ച അറിയിപ്പൊന്നും തനിക്ക് കിട്ടിയിരുന്നില്ലെന്ന് ശ്രീനിവാസ റാവു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിമാനത്താവളം സംബന്ധിച്ച് മന്ത്രിക്ക് എന്തെങ്കിലും വ്യക്തത ആവശ്യമെങ്കില്‍ അത് നല്‍കാനാണ് താന്‍ എത്തിയതെന്നും നിവേദക സംഘത്തിന്‍റെ ഭാഗമായല്ല എയര്‍പോര്‍ട്ടില്‍ എത്തിയതെന്നും ഡയറക്ടര്‍ പറഞ്ഞു.