രാജീവ് ചന്ദ്രശേഖറിന്റെ ആസ്തി ആരോപണം ഏറ്റെടുക്കാനില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ബിജെപി പ്രചാരണത്തിലെ അഘോരി സ്വാമിമാരുടെ സാന്നിധ്യത്തിലും ശിവൻകുട്ടി പ്രതികരിച്ചു. ഈ സ്വാമിമാർ ഒരു നൂറെണ്ണം സ്കൂൾ സമയത്ത് നടന്നാൽ കുട്ടികൾ പേടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിന്റെ ആസ്തി ആരോപണം ഏറ്റെടുക്കാനില്ലെന്ന് മന്ത്രിയും സിപിഎം സ്ഥാനാർത്ഥിയുമായ വി ശിവൻകുട്ടി. തങ്ങളുടെ കയ്യിൽ തെളിവ് ഇല്ലെന്നും സാങ്കേതികത്വം പറഞ്ഞ് പത്രിക തള്ളി വാശി തീർക്കാനില്ലെന്നും ശിവൻകുട്ടി പറഞ്ഞു. സ്വത്ത്‌ വിവരം രേഖപ്പെടുത്തിയില്ല എന്ന് പരക്കെ സംസാരം ഉണ്ട്. പക്ഷേ മത്സരം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, നേമം മണ്ഡലത്തിലെ ബിജെപി പ്രചാരണത്തിലെ അഘോരി സ്വാമിമാരുടെ സാന്നിധ്യത്തിലും ശിവൻകുട്ടി പ്രതികരിച്ചു. നേമം മണ്ഡലത്തിൽ 23 സ്കൂളുകളുണ്ട്. ഈ സ്വാമിമാർ ഒരു നൂറെണ്ണം സ്കൂൾ സമയത്ത് നടന്നാൽ കുട്ടികൾ പേടിക്കും. ഈ ടൈപ്പ് സ്വാമിമാർക്ക് ഇവിടെ വോട്ട് ഉണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പ്രചാരണത്തിലെ അഘോരി സ്വാമിമാരുടെ സാന്നിധ്യത്തെ പരിഹസിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരീനാഥനും രം​ഗത്തെത്തി. രാജീവ്‌ ചന്ദ്രശേഖർ മലയാളികളെ കാണണം എന്നാണ് അഭ്യർത്ഥനയെന്നും സാധാരണ ജനങ്ങളെയാണ് കാണേണ്ടതെന്നും അദ്ദേഹം പറ‍ഞ്ഞു. സ്വാമിമാർ വന്നത് യോഗിയുടെ നാട്ടിൽ നിന്നാണ് എന്നാണ് പറഞ്ഞത്. അതിൽ കൂടുതലൊന്നും വേണ്ടല്ലോ എന്നും പരിഹസിച്ചു.