ഒമിക്രോൺ കേസുകളുടെ സാഹചര്യം നോക്കി വിദഗ്ധസമിതി പുതിയ ശുപാർശ എന്തെങ്കിലും നൽകിയാൽ അത് പരിഗണിക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യം ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി (V Sivankutty). ഒമിക്രോൺ (Omicron) കേസുകളുടെ സാഹചര്യം നോക്കി വിദഗ്ധസമിതി പുതിയ ശുപാർശ എന്തെങ്കിലും നൽകിയാൽ അത് പരിഗണിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു. കർശനമായ പ്രോട്ടോക്കോൾ പാലിച്ചാണ് സ്കൂളുകളുടെ പ്രവർത്തനമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ നാല് സംസ്ഥാനങ്ങളില്‍ ഇരുനൂറിന് മുകളിലാണ് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം. മഹാരാഷ്ട്രയും ദില്ലിയും വ്യാപന പട്ടികയില്‍ മുന്നിലുള്ളപ്പോള്‍ കേരളം നാലാമതാണ്.

സംസ്ഥാനത്ത് പുതിയതായി 50 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളം 18, തിരുവനന്തപുരം 8, പത്തനംതിട്ട 7, കോട്ടയം, മലപ്പുറം 5 വീതം, കൊല്ലം 3, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ കോയമ്പത്തൂര്‍ സ്വദേശിക്കും ഒമിക്രോണ്‍ സ്ഥീരികരിച്ചു. ഇതില്‍ 45 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും അഞ്ചുപേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. ആര്‍ക്കും തന്നെ സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചിട്ടില്ല. ഇതോടെ സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 186 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 64 പേരും എത്തിയിട്ടുണ്ട്. 30 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.