കോഴിക്കോട്ടെ നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിന് വീഴ്ച പറ്റിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ആരോപിച്ചു. ആരോഗ്യ മന്ത്രിയുടെ പരിചയക്കുറവാണ് ഇതിന് കാരണമെന്നും, രാഷ്ട്രീയ താല്പര്യങ്ങൾക്കായി പി.എ മുഹമ്മദ് റിയാസിനെ മാറ്റി നിർത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ ഭീതി പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്. നിപ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ മന്ത്രി കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാത്തത് ശരിയല്ലെന്ന് വസീഫ് കുറ്റപ്പെടുത്തി. രോഗബാധ റിപ്പോർട്ട് ചെയ്തയുടൻ മന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങുകയാണ് ചെയ്തതെന്നും, പരിചയക്കുറവ് കൊണ്ടാകാം ഇതെന്നും അദ്ദേഹം പരിഹസിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബേപ്പൂർ മണ്ഡലത്തിലെ ജനപ്രതിനിധിയായ പി.എ മുഹമ്മദ് റിയാസ് എംഎൽഎയെ പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിപ്പിക്കാതിരുന്നതിന് പിന്നിൽ ചിലരുടെ വ്യക്തിപരമായ ഈഗോയാണ്. രാഷ്ട്രീയ താല്പര്യങ്ങൾ വെച്ചുകൊണ്ടാണ് ഡിഎച്ച്എസിനെ മാറ്റുന്നത്. കോൺഗ്രസിനെ മുന്നിൽ നിർത്തി ബിജെപിയും ആർഎസ്എസുമാണ് സംസ്ഥാനം ഭരിക്കുന്നത്. കള്ളനും പോലീസിനും ഒരേ വക്കീൽ എന്ന നയമാണ് യുഡിഎഫ് സ്വീകരിക്കുന്നത്. ചാർട്ടേഡ് ഫ്ലൈറ്റിൽ ആര്യാടൻ മുഹമ്മദിന്റെ ബന്ധുവിനെ കാണാൻ പോയി എന്ന വിഡി സതീശൻ്റെ വിശദീകരണം വിശ്വസിക്കാൻ കഴിയുന്നതല്ല. ഇതിന് പിന്നിൽ എന്തൊക്കെയോ അവിശുദ്ധ ധാരണകൾ മണക്കുന്നുണ്ടെന്നും വസീഫ് പറഞ്ഞു. വെറും 3 സീറ്റുകൾ മാത്രം കൈവശം വെച്ചുകൊണ്ട് ബിജെപി കേരളം ഭരിക്കാൻ ശ്രമിക്കുകയാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വിമർശിച്ചു.