Asianet News MalayalamAsianet News Malayalam

ജനസംഖ്യയുടെ 60 ശതമാനവും വാക്സീൻ സ്വീകരിച്ചതായി മുഖ്യമന്ത്രി: സാമൂഹിക പ്രതിരോധം വൈകാതെ നേടാനാവുമെന്ന് പ്രതീക്ഷ

സംസ്ഥാനത്ത് വാക്സീൻ വിതരണം മികച്ച രീതിയിൽ തുടരുകയാണ്. 18 വയസ്സിന് മുകളിൽ പ്രായമുള്ള 75 ശതമാനം പേർ ആദ്യഡോസ് വാക്സീൻ സ്വീകരിച്ചു

Vaccination at full pace expected to gain herd immunity soon
Author
Thiruvananthapuram, First Published Sep 4, 2021, 6:35 PM IST

തിരുവനന്തപുരം: സംസ്ഥാന ജനസംഖ്യയുടെ അറുപത് ശതമാനം പേർ ഇതിനോടകം കൊവിഡ് വാക്സീൻ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിൻ സ്വീകരിച്ചവർക്കും പിന്നീട് രോഗബാധയുണ്ടാവുന്നുണ്ട്. ഇതിൽ ആശങ്കയുടെ ആവശ്യമില്ല. വാക്സീൻ എടുക്കാത്ത മുതിർന്ന പൗരൻമാരാണ് കൊവിഡ് വന്ന് മരണപ്പെട്ടവരിലേറെയും. 

സംസ്ഥാനത്ത് വാക്സീൻ വിതരണം മികച്ച രീതിയിൽ തുടരുകയാണ്. 18 വയസ്സിന് മുകളിൽ പ്രായമുള്ള 75 ശതമാനം പേർ ആദ്യഡോസ് വാക്സീൻ സ്വീകരിച്ചു. 2,15,72491 പേ‍ർക്ക് ആദ്യഡോസും 79,90,200 പേ‍ർക്ക് അഥവാ 27.8 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സീനും നൽകിയിട്ടുണ്ട്. മൊത്തം ജനസംഖ്യയെടുത്താൽ 60.94 ശതമാനവും 22.57 ശതമാനവുമാണ് ഒന്നും രണ്ടും ഡോസ് വാക്സീൻ ലഭിച്ചവരുടെ അനുപാതം. ഇന്ത്യയിലെ വാക്സീനേഷൻ ഒന്നാം ഡോസ് 40.08 ശതമാനവും രണ്ടാം ഡോസ് 12 ശതമാനവുമാണ്. ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. 

പരമാവധി പേ‍ർക്ക് എത്രയും വേ​ഗം വാക്സീൻ നൽകാനാണ് നമ്മൾ ശ്രമിക്കുന്നത്. ജൂൺ, ജൂലൈ, ആ​ഗസ്റ്റ് മാസങ്ങളിലായി 1.95 കോടി ഡോസ് വാക്സീൻ നൽകി. ആ​ഗസ്റ്റിൽ മാത്രം 88 ലക്ഷം ഡോസ് വാക്സീൻ നൽകി. അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവ‍ർക്ക് വാക്സീൻ നൽകാൻ പ്രത്യേക യജ്ഞം തന്നെ നടത്തിയിരുന്നു. വാക്സീൻ വളരെ വേ​ഗം കൊടുത്ത് തീർക്കുകയാണ് കേരളം ഇപ്പോൾ എന്നാൽ തീരുന്ന മുറയ്ക്ക് ഇപ്പോൾ കേരളത്തിലേക്ക് വാക്സീൻ എത്തുന്നുണ്ട്. 

ആരോ​ഗ്യപ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളികൾക്കും നൂറ് ശതമാനം ആദ്യഡോസ് വാക്സീനും 87 ശതമാനം രണ്ടാം ഡോസും നൽകി. 
45 വയസ്സിന് മുകളിൽ പ്രായമുള്ള 92 ശതമാനം പേർക്ക് ഒന്നാം ഡോസും 48 ശതമാനത്തിന് രണ്ടാം ഡോസും നൽകി. 18 -45 പ്രായവിഭാ​ഗത്തിലെ 54 ശതമാനം പേർക്ക് ഒന്നാം ഡോസ് നൽകി. വാക്സീൻ വിതരണം ഈ നിലയിൽ തുടർന്നാൽ വൈകാതെ തന്നെ കേരളത്തിന് സാമൂഹിക പ്രതിരോധം നേടാനാവും എന്നാണ് പ്രതീക്ഷ. 

Follow Us:
Download App:
  • android
  • ios