ഓണ്‍ലൈൻ രജിസ്റ്റര്‍ ചെയ്ത് സമയവും സ്ഥലവും ബുക്ക് ചെയ്തെത്തുന്നവര്‍ക്ക് ആശുപത്രി അധികൃതര്‍ ടോക്കണ്‍ നല്‍കും. അതനുസരിച്ച് കാത്തിരുന്ന് കുത്തിവയ്പ്പെടുത്ത് മടങ്ങാം.

തിരുവനന്തപുരം: കേരളത്തില്‍ വാക്സീൻ വിതരണം സാധാരണ ഗതിയിലേക്ക്. ഓണ്‍ലൈൻ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണിപ്പോൾ വാക്സീൻ നല്‍കുന്നത്. ഇതോടെ വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിക്കും തിരക്കും ഒഴിവായി. ഓണ്‍ലൈൻ രജിസ്റ്റര്‍ ചെയ്ത് സമയവും സ്ഥലവും ബുക്ക് ചെയ്തെത്തുന്നവര്‍ക്ക് ആശുപത്രി അധികൃതര്‍ ടോക്കണ്‍ നല്‍കും. അതനുസരിച്ച് കാത്തിരുന്ന് കുത്തിവയ്പ്പെടുത്ത് മടങ്ങാം. സ്പോട്ട് രജിസ്ട്രേഷൻ പൂര്‍ണമായും നിര്‍ത്തിയിരിക്കുകയാണ്. 

വാക്സീൻ ക്ഷാമത്തിന് താല്‍കാലിക പരിഹാരമായി കഴിഞ്ഞ ദിവസം അഞ്ചര ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സീൻ കേരളത്തിലെത്തിച്ചിരുന്നു. തിരുവനന്തപുരം മേഖലക്ക് രണ്ടരലക്ഷവും എറണാകുളം കോഴിക്കോട് മേഖലകള്‍ക്ക് ഒന്നരലക്ഷം വീതവുമാണെത്തിയത്. 

ഇത് 30,000 വച്ച് ഒരു ദിവസം ആശുപത്രികളിലേക്ക് വീതിച്ച് നൽകും. ഒരു ദിവസം വാക്സീൻ നല്‍കേണ്ടവരുടെ എണ്ണവും നിജപ്പെടുത്തും. വാക്സിൻ വിതരണത്തിനു മാര്‍ഗ നിര്‍ദേശവും വന്നതോടെ തിക്കും തിരക്കും ബഹളും ഒഴിവായി. ഇന്ന് മിക്ക ജില്ലകളിലും മെഗാ വാക്സിനേഷൻ കേന്ദ്രങ്ങൾ ഉള്‍പ്പെടെ 50-ലേറെ വാക്സിനേഷൻ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

18 വയസിനു് മുകളിലുള്ളവരുടെ വാക്സിനേഷൻ രജിസ്ട്രേഷൻ അടുത്ത ബുധനാഴ്ച തുടങ്ങി മെയ് ഒന്നു മുതല്‍ കുത്തിവയ്പ് തുടങ്ങും . അതിനുമുന്‍പ് സംസ്ഥാനം കൂടുതല്‍ വാക്സീൻ വാങ്ങുകയും കേന്ദ്രം കൂടുതൽ വാക്സീൻ എത്തിക്കുകയും ചെയ്താൽ വരും ദിവസങ്ങളിൽ ക്ഷാമമില്ലാതെ മുന്നോട്ട് പോകാനാകും.