Asianet News MalayalamAsianet News Malayalam

45 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചു ; ഇന്ന് സ്വീകരിച്ചത് അരലക്ഷത്തിലധികം പേര്‍

സംസ്ഥാനത്ത് ഇതുവരെ 36,31,372 ഡോസ് വാക്‌സീനാണ് ആകെ നല്‍കിയത്. അതില്‍ 32,21,294 പേര്‍ക്ക് ആദ്യഡോസ് വാക്‌സീനും 4,10,078 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സീനും നല്‍കിയിട്ടുണ്ട്.

vaccination for people above forty five age  have started
Author
Trivandrum, First Published Apr 1, 2021, 7:01 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സീന്‍ നല്‍കി തുടങ്ങി. 45 വയസിന് മുകളില്‍ പ്രായമുള്ള 52,097 പേര്‍ക്കാണ് വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് വാക്‌സീന്‍ നല്‍കിയത്. 791 സര്‍ക്കാര്‍ ആശുപത്രികളും 361 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 1,152 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരുന്നത്.

സംസ്ഥാനത്ത് ഇതുവരെ 36,31,372 ഡോസ് വാക്‌സീനാണ് ആകെ നല്‍കിയത്. അതില്‍ 32,21,294 പേര്‍ക്ക് ആദ്യഡോസ് വാക്‌സീനും 4,10,078 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സീനും നല്‍കിയിട്ടുണ്ട്. ഇതില്‍ 34,89,742 പേര്‍ക്ക് കോവിഷീല്‍ഡ് വാക്‌സീനും 1,41,630 പേര്‍ക്ക് കോവാക്‌സീനുമാണ് നല്‍കിയത്. 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും വാക്‌സീന്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അഭ്യര്‍ത്ഥിച്ചു. 

ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും വാക്‌സീന്‍ സ്വീകരിക്കാവുന്നതാണ്. തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സീനെടുക്കാന്‍ എത്തുന്നതാണ് നല്ലത്. www.cowin.gov.in എന്ന വെബ് സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തെരഞ്ഞെടുക്കാവുന്നതാണ്. പരമാവധി ആളുകള്‍ക്ക് വാക്‌സീന്‍ നല്‍കുന്നതിനായി വരും ദിവസങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതാണ്. 

കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ എന്നിവടങ്ങളില്‍ വാക്‌സീനേഷന്‍ സൗകര്യം ലഭ്യമാണ്. സംസ്ഥാനത്ത് 9,51,500 ഡോസ് കോവിഷീല്‍ഡ് വാക്‌സീനുകള്‍ കൂടി എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് 4,40,500 ഡോസ് വാക്‌സീനുകളും എറണാകുളത്ത് 5,11,000 ഡോസ് വാക്‌സീനുകളുമാണ് എത്തിയത്.

Follow Us:
Download App:
  • android
  • ios