ഭാരത സ്വാതന്ത്ര്യത്തിന് 75 വർഷം. ഇന്ത്യയെ തൊട്ടറിയാൻ ഏഷ്യാനെറ്റ് ന്യൂസും. ആഘോഷ പരിപാടി ഇന്ത്യ @75 ന് തുടക്കമിട്ടത് നടൻ മമ്മൂട്ടി.
കൊച്ചി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന ഇന്ത്യ @ 75 ന് കൊച്ചിയിൽ തുടക്കമായി. സന്തോഷ് ജോർജ്ജ് കുളങ്ങരയുടെയും, നടൻ രമേശ് പിഷാരടിയുടെയും സാന്നിദ്ധ്യത്തിൽ മമ്മൂട്ടിയാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ വജ്രജയന്തി യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. രാജ്യത്തെ അറിയാൻ ഒരു വർഷം നീളുന്ന യാത്രക്കും വിവിധ സംവാദ പരിപാടികൾക്കുമാണ് ഏഷ്യാനെറ്റ് ന്യൂസ് നേതൃത്വം നൽകുക.
സ്വാതന്ത്ര്യത്തിനായി രാജ്യം താണ്ടിയ പോരാട്ടങ്ങളെ അറിയാനുള്ള ഇന്ത്യ @75 അഭിമാനയാത്രക്ക് മമ്മൂട്ടി ആശംസകളറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസും എൻസിസിയും ചേർന്നുള്ള വജ്രജയന്തി യാത്ര മമ്മൂട്ടിയും, നടൻ രമേശ് പിഷാരടിയും എൻസിസി എറണാകുളം ഗ്രൂപ്പ് കമഡോർ ഹരികൃഷ്ണനും ചേർന്നാണ് തുടക്കമിട്ടത്. യാത്രയുടെ ലോഗോ ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര പ്രകാശനം ചെയ്തു.
കേരളത്തിന്റെ കടൽത്തീരങ്ങൾ വൃത്തിയാക്കുന്ന എൻസിസി പദ്ധതി പുനീത് സാഗർ അഭിയാനുമൊപ്പം ഏഷ്യാനെറ്റ് ന്യൂസ് കൈകോർക്കുകയാണ്. എൻസിസി കേഡറ്റുകളുടെ യാത്ര ഇനി ഏഷ്യാനെറ്റ് ന്യൂസ് സമ്മാനിക്കുന്ന സൈക്കിളുകളിലാകും. ആദ്യ സൈക്കിൾ സന്തോഷ് ജോർജ് കുളങ്ങര സമ്മാനിച്ചു.
