വന്ദേഭാരത് എക്സ്പ്രസിന് കേരളത്തിലെ ഡിമാൻഡ് കണ്ടാൽ കണ്ണുതള്ളിപ്പോകും! 100 ശതമാനവുമല്ല, സീറ്റിംഗിൽ 170 ശതമാനം
കേരളത്തിലെ വന്ദേഭാരതിന്‍റെ ഒക്യുപൻസി റേറ്റ് 100 ശതമാനവുമല്ലെന്നതാണ് യാഥാർത്ഥ്യം. കൃത്യം കണക്ക് പറഞ്ഞാൽ 170 ശതമാനമാണ് വന്ദേഭാരത് എക്സ്പ്രസിന്‍റെ കേരളത്തിലെ ഒക്യുപൻസി റേറ്റ്

തിരുവനന്തപുരം: കേരളത്തിന് രണ്ടാം വന്ദേഭാരത് എക്സ്പ്രസ് ലഭിച്ചതിന്‍റെ ആവേശത്തിലാണ് യാത്രക്കാർ. ചെന്നൈയിൽ നിന്ന് രണ്ടാം വന്ദേഭാരത് തിരുവനന്തപുരത്തേക്ക് കുതിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് എത്തിയ ശേഷം ട്രയൽ റൺ കൂടി കഴിഞ്ഞാൽ ഞായറാഴ്ച മുതൽ രണ്ടാം വന്ദേഭാരത് കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് ട്രാക്കിലിറങ്ങും. ഞായറാഴ്ച രണ്ടാം വന്ദേഭാരതിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നടക്കാനിരിക്കുമ്പോൾ അറിയേണ്ട ഏറ്റവും പ്രധാനകാര്യം വന്ദേഭാരതിന് കേരളത്തിലുള്ള ഡിമാൻഡിനെക്കുറിച്ചാണ്.
കേരളത്തിലോടുന്ന ആദ്യ വന്ദേഭാരതിന് വൻ ഡിമാൻഡ് ആണെന്നാണ് ഒക്യുപൻസി റേറ്റിന്‍റെ കണക്കുകൾ പറയുന്നത്. കേരളത്തിലെ വന്ദേഭാരതിന്‍റെ ഒക്യുപൻസി റേറ്റ് 100 ശതമാനവുമല്ലെന്നതാണ് യാഥാർത്ഥ്യം. കൃത്യം കണക്ക് പറഞ്ഞാൽ 170 ശതമാനമാണ് വന്ദേഭാരത് എക്സ്പ്രസിന്‍റെ കേരളത്തിലെ ഒക്യുപൻസി റേറ്റ്. അതായത് മൊത്തം സീറ്റിംഗ് കപാസിറ്റിയെക്കാൾ 70 ശതമാനം അധികം വരും എന്ന് സാരം. ഒക്യുപൻസി റേറ്റ് ഇത്രയും കൂടുയതുകൊണ്ടാകും ഒരുപക്ഷേ ഇത്രയും വേഗത്തിൽ കേരളത്തിന് രണ്ടാം വന്ദേഭാരത് എക്സ്പ്രസ് ലഭിച്ചത്.
അതേസമയം ചെന്നൈയിൽ നിന്ന് പുറപ്പെട്ട കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിൻ നാളെ രാവിലെ തിരുവനന്തപുരത്ത് എത്തും. പാലക്കാട് കഴിഞ്ഞതായുള്ള വിവരങ്ങൾ രാത്രി തന്നെ പുറത്തുവന്നിരുന്നു. ഇന്നലെ രാത്രി നടത്തിയ ട്രയൽ റണ്ണും വിജയമായതോടെയാണ് ട്രെയിൻ പാലക്കാട് ഡിവിഷന് കൈമാറാനുളള പച്ചക്കൊടിയായത്. ഔദ്യോഗിക അറിയിപ്പിന് പിന്നാലെ രണ്ടേമുക്കാലോടെ ചെന്നൈ സെന്‍ട്രലില്‍ നിന്ന് വന്ദേഭാരത് കേരളത്തിലേക്ക് പുറപ്പെട്ടു. വെള്ളയും നീലയും നിറത്തിലുള്ള രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി ബേസിൻ ബ്രിഡ്ജിൽ തയ്യാറായിരുന്നെങ്കിലും ഡിസൈൻ മാറ്റം വരുത്തിയ പുതിയ വന്ദേഭാരത് ആണ് കേരളത്തിന് അനുവദിച്ചത്. ആകെ 8 കോച്ചുകളാണ് പുതിയ വന്ദേഭാരതിനുള്ളത്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതടക്കം രാജ്യത്തെ വിവിധറൂട്ടുകളിലായി 9 വന്ദേഭാരത് സര്‍വീസുകള്‍ വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്യും. ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രാ സര്‍വീസ് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തുടങ്ങുമെന്നാണ് സൂചന.
കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം ആയിട്ടുണ്ട്. കാസർഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തിനായിരിക്കും സർവീസ്. രാവിലെ ഏഴു മണിക്ക് കാസർഗോഡ് നിന്ന് തിരിക്കുന്ന ട്രെയിൻ ഉച്ച കഴിഞ്ഞ് 3:05 ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 4:05ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് രാത്രി 11:55ന് കാസർഗോഡ് എത്തുന്ന നിലയിലാകും സർവീസ്. ആഴ്ചയിൽ 6 ദിവസം സർവീസ് ഉണ്ടാകും. തിരുവനന്തപുരത്തിനും കാസർകോടിനും പുറമെ കൊല്ലം, ആലപ്പുഴ , എറണാകുളം സൗത്ത് , തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകും എന്നാണ് നിലവിലെ അറിയിപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം