കാറ് പോലും കയറാത്ത വീട്ടിൽ താമസിക്കുന്നതിന് പോലും അസൗകര്യം ഉള്ള സ്ഥിതിക്കാണ് വിൽപ്പന നടത്തിയത്. അതിനുള്ള പൂര്‍ണ്ണ അവകാശവും ഉണ്ട്.
തിരുവനന്തപുരം: വീട് വിൽപ്പന വിവാദത്തിൽ പ്രതികരണവുമായി സുഗതകുമാരിയുടെ മകൾ ലക്ഷ്മി ദേവി. വരദ എന്ന വീട് സ്മാരകം ആക്കണമെന്ന് ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും വീട് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് നിവേദനം നൽകിയിട്ടില്ലെന്നും ലക്ഷ്മി ദേവി പറഞ്ഞു. കാറ് പോലും കയറാത്ത വീട്ടിൽ താമസിക്കുന്നതിന് പോലും അസൗകര്യം ഉള്ള സ്ഥിതിക്കാണ് വിൽപ്പന നടത്തിയത്. അതിനുള്ള പൂര്‍ണ്ണ അവകാശവും ഉണ്ട്. വീട് വാങ്ങിയവരെ പോലും ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണ് ഉള്ളത്. വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും സ്മാരകമാക്കാൻ താൽപര്യമുണ്ടെങ്കിൽ തൊട്ടടുത്ത് തന്നെയുള്ള അഭയ എന്ന തറവാട് വീടാണ് അതിന് അനുയോജ്യമെന്നും ലക്ഷ്മി ദേവി പ്രസ്താവനയിൽ പറഞ്ഞു.
സുഗതകുമാരിയുടെ വീട് വിൽപ്പന നടത്തിയതിനെതിരെ വിവിധ കോണുകളിൽ നിന്നും വ്യാപക വിമർശനം ഉയർന്നിരുന്നു. അതിനിടെ, സുഗതകുമാരിയുടെ ഓര്‍മ്മകളുള്ള തിരുവനന്തപുരത്തെ വീട് സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്. വീട് വാങ്ങിയവരിൽ നിന്നും സർക്കാർ ഇടപെട്ട് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സൂര്യ കൃഷ്ണമൂർത്തി മുഖ്യമന്ത്രിക്ക് കത്ത് നൽകി.
സുഗതകുമാരിയുടെ ഓര്‍മ്മകളുള്ള വീട് സംരക്ഷിക്കണം; സര്‍ക്കാര്‍ ഇടപെടണം എന്നാവശ്യപ്പെട്ട് കത്ത്
സുഗതകുമാരിക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നിലനിൽക്കെ തലസ്ഥാന നഗര ഹൃദയത്തിൽ കവി താമസിച്ചിരുന്ന വീട് വിറ്റുപോയത് വലിയ വിവാദമായിരുന്നു. തിരുവനന്തപുരത്ത് കവിക്ക് അനുയോജ്യമായ സ്മാരകം ഉണ്ടാകുമെന്ന സര്‍ക്കാര്‍ വാക്കും നടപ്പായിട്ടില്ല. ഇതിനിടക്കാണ് 'വരദ' ഏറ്റെടുക്കണമെന്ന ആവശ്യം വീണ്ടും സര്‍ക്കാരിന് മുന്നിലെത്തുന്നത്. അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യം മുഖ്യമന്ത്രിക്ക് മുന്നിലും എത്തിയിട്ടുണ്ട്. സാസ്കാരിക നായകര്‍ ഒപ്പിട്ട ഫയൽ ചീഫ് സെക്രട്ടറി നേരത്തെ തന്നെ സാംസ്കാരിക വകുപ്പിന് കൈമാറിയിട്ടുണ്ട്. വീട് കൈമാറാൻ തയ്യാറാണെങ്കിൽ ഏറ്റെടുക്കാൻ ഒരുക്കമെന്നാണ് സാംസ്കാരിക വകുപ്പ് മന്ത്രിയുടേയും പ്രതികരണം.
