Asianet News MalayalamAsianet News Malayalam

വിവാദങ്ങൾക്ക് വിരാമം, വയലാർ അവാർഡ് വി ജെ ജയിംസിന്‍റെ ' നിരീശ്വരന് '

വി ജെ ജയിംസിന്‍റെ കൃതിക്ക് തന്നെ പുരസ്കാരം നൽകിക്കൊണ്ട് മറ്റ് വിവാദങ്ങൾക്കെല്ലാം താൽക്കാലികമായെങ്കിലും അവസാനമിട്ടിരിക്കുകയാണ് പുരസ്കാര നിർണ്ണയ സമിതി.  പ്രഫസർ എം കെ സാനുവിന്‍റെ രാജിയോടെയാണ് ഇത്തവണത്തെ വയലാർ അവാർഡ് വിവാദങ്ങളിൽ പെട്ടത്.

Vayalar Award for v j james nireeswaran
Author
Thiruvananthapuram, First Published Sep 28, 2019, 12:56 PM IST

തിരുവനന്തപുരം: നാൽപ്പത്തിമൂന്നാമത് വയലാർ അവാർഡ് വി ജെ ജയിംസിന്. നിരീശ്വരൻ എന്ന നോവലിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് വയലാർ അവാർഡ്. പുരസ്കാര നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പുരസ്കാര നിർണ്ണയകമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രൊഫസർ എം കെ സാനു രാജിവച്ചിരുന്നു. എം കെ സാനുവിന് പകരം പെരുമ്പടവം ശ്രീധരന്റെ നേതൃത്വത്തിലുളള സമിതിയാണ് അവാർഡ് നിർണയിച്ചത്. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27നായിരിക്കും അവാർഡ് സമ്മാനിക്കുക.

സമിതി ഏകകണ്ഠമായിട്ടാണ് പുരസ്കാരം വി ജെ ജയിംസിന് നൽകാൻ തീരുമാനിച്ചതെന്ന് പെരുമ്പടവം ശ്രീധരൻ അറിയിച്ചു. പുതുശ്ശേരി രാമചന്ദ്രന്‍റെ ആത്മകഥക്ക് പുരസ്കാരം നൽകാൻ ബാഹ്യ സമ്മർദ്ദമുണ്ടായതിനെ തുടർന്നാണ് താൻ രാജിവച്ചതെന്ന് എം കെ സാനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഏഴാച്ചേരി രാമചന്ദ്രന്‍റെ 'ഇലത്തുമ്പിലെ വജ്രദാഹം' എന്ന കവിതയും വി ജെ ജയിംസിന്‍റെ 'നിരീശ്വരൻ' എന്ന നോവലുമാണ് അവസാന ഘട്ടം വരെ പുരസ്കാരത്തിനായി പരിഗണിച്ചിരുന്നത്.

പുതുശ്ശേരി രാമചന്ദ്രന്‍റെ ആത്മകഥയായ 'തിളച്ച മണ്ണിൽ കാൽനടയായി' എന്ന പുസ്തകത്തിന് പുരസ്കാരം നൽകാൻ കടുത്ത സമ്മർദ്ദമാണുണ്ടായത്. അർഹതയില്ലാത്ത കൃതിക്ക് പുരസ്കാരം നൽകാൻ കൂട്ട് നിൽക്കാനാകാത്തതിനാലാണ് പുരസ്കാര നിർണ്ണയ കമ്മിറ്റിയിൽ നിന്ന് രാജി വച്ചതെന്നായിരുന്നു പ്രൊഫസർ എം കെ സാനു പറഞ്ഞത്. 

ഒരു തരത്തിലുളള ബാഹ്യഇടപെടലും അവാർഡ് നിർണയത്തിൽ ഉണ്ടായിട്ടില്ലെന്നും, ഒരിക്കലും അത്തരമൊരു ഇടപെടൽ വലയാർ അവാർഡിൽ ഉണ്ടായിട്ടില്ലെന്നും പെരുമ്പടവം ശ്രീധരൻ വ്യക്തമാക്കി. ട്രസ്റ്റിന് നൽകിയ രാജിക്കത്തിൽ ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് രാജിവയ്ക്കുന്നതായാണ് സാനു മാഷ് അറിയിച്ചിരിക്കുന്നതെന്ന് പെരുമ്പടവം ശ്രീധരൻ അറിയിച്ചു. ഡോ എ കെ നമ്പ്യാർ, അനിൽ കുമാർ വള്ളത്തോൾ, ഡോ കെ വി മോഹൻ കുമാർ എന്നീ സമിതി അംഗങ്ങളും പുരസ്കാര പ്രഖ്യാപനത്തിനെത്തിയിരുന്നു. 

പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് വി ജെ ജയിംസ് പ്രതികരിച്ചു. വിവാദങ്ങളോട് പ്രതികരിക്കാനില്ല. പുരസ്കാരനിര്‍ണയവുമായി ബന്ധപ്പെട്ട വിവാദം എഴുത്തുകാരന്‍റെ വിഷയമല്ല. എഴുതുന്നത് മാത്രമാണ് തന്‍റെ കര്‍ത്തവ്യമെന്നും വി ജെ ജയിംസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios