'ജോയിയുടെ വയോധികയായ മാതാവ് ഉള്‍പ്പെടെ ആ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം കൂടി ഉണ്ടെന്നത് സര്‍ക്കാര്‍ മറക്കരുത്'

തിരുവനന്തപുരം: ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ മരണവാർത്തയിലെ വേദന പങ്കുവച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. നന്മയുള്ള എത്ര മാത്രം മനുഷ്യ ഹൃദയങ്ങളാണ് ജോയിക്കു വേണ്ടി പ്രാര്‍ഥിച്ചിട്ടുണ്ടാകുകയെന്നും പ്രാര്‍ഥനകളെല്ലാം വിഫലമായെന്നുമാണ് സതീശൻ കുറിച്ചത്. ജോയിയെ കണ്ടെത്താനുള്ള രക്ഷാ ദൗത്യത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും നന്ദിയും പ്രതിപക്ഷ നേതാവ് അറിയിച്ചു. ജോയിയുടെ വയോധികയായ മാതാവ് ഉള്‍പ്പെടെ ആ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം കൂടി ഉണ്ടെന്നത് സര്‍ക്കാര്‍ മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പ്രതിപക്ഷ നേതാവിന്‍റെ വാക്കുകൾ

ജോയിക്ക് ആദരാഞ്ജലികള്‍. 
നന്മയുള്ള എത്ര മാത്രം മനുഷ്യ ഹൃദയങ്ങളാണ് ജോയിക്കു വേണ്ടി പ്രാര്‍ഥിച്ചിട്ടുണ്ടാകുക. പ്രാര്‍ഥനകളെല്ലാം വിഫലമായി. 

സുരക്ഷാ സംവിധാനം ഒന്നുമില്ലാതെ മലിനജലത്തിലേക്ക് എടുത്തു ചാടേണ്ടി വന്നത് ആ പാവത്തിന്റെ നിസഹായതയാകാം. പക്ഷെ ഭരണ സംവിധാനത്തിന്റെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഇരയാണ് ആ മനുഷ്യന്‍. 

ഒരു മനുഷ്യന്റെ തിരോധാനത്തിന് പിന്നാലെ മണിക്കൂറുകള്‍ക്കകം യന്ത്ര സഹായത്താല്‍ ടണ്‍ കണക്കിന് മാലിന്യങ്ങള്‍ നീക്കം ചെയ്തു. നേരത്തെ ഇത് ചെയ്യാന്‍ എന്തായിരുന്നു തടസം.

46 മണിക്കൂറിലധികം നീണ്ട ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് ജോയിയുടെ ചേതനയറ്റ ശരീരം കണ്ടെത്തിയത്. ഫയര്‍ഫോഴ്സ്, എന്‍.ഡി.ആര്‍.എഫ്, സ്‌കൂബ ടീം, നേവി, ശുചീകരണ തൊഴിലാളികള്‍, പോലീസ്, മാധ്യമങ്ങള്‍ അങ്ങനെ ഈ ദൗത്യത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും നന്ദി.

ജോയിയുടെ വയോധികയായ മാതാവ് ഉള്‍പ്പെടെ ആ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം കൂടി ഉണ്ടെന്നത് സര്‍ക്കാര്‍ മറക്കരുത്. എല്ലാവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

മുഖ്യമന്ത്രിയുടെ അനുശോചനം

ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ജോയിയുടെ മരണവാർത്ത ഏറെ ദുഃഖകരമാണ്. ശനിയാഴ്ച കാണാതായ ജോയിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് തകരപ്പറമ്പ് - വഞ്ചിയൂർ ഭാ​ഗത്തു നിന്ന് കണ്ടെത്തിയത്. ജോയിയുടെ ദാരുണമായ മരണത്തിൽ അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. കുടുംബാം​ഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. 

ജോയിയെ കണ്ടെത്താൻ 46 മണിക്കൂർ നീണ്ട തുടർച്ചയായ രക്ഷാപ്രവർത്തനമാണ് നടന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടായിരുന്നു രക്ഷാപ്രവർത്തനം. എല്ലാ സർക്കാർ സംവിധാനങ്ങളും ഏകോപിതമായി പ്രവർത്തനം ഏറ്റെടുക്കുകയും മനുഷ്യസാധ്യമായ എല്ലാ നടപടികളും ഉറപ്പാക്കുകയും ചെയ്തു. ജെൻ റോബോട്ടിക്‌സ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ സഹായവും ഉറപ്പാക്കി. അതിസങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തില്‍ അഗ്നിരക്ഷാസേന, അവരുടെ സ്കൂബാ ഡൈവിങ് സംഘം, ദേശീയ ദുരന്തനിവാരണ സേന, പോലീസ്, നാവികസേനയുടെ വിദഗ്ധസംഘം, ശുചീകരണ തൊഴിലാളികള്‍ ഉൾപ്പെടെയുള്ളവർ കൈ മെയ് മറന്ന് പ്രവർത്തിച്ചു. അവരെയാകെ നാടിനുവേണ്ടിയുള്ള നന്ദി അറിയിക്കുന്നു.

'ഏറെ ദുഃഖകരം', മനുഷ്യസാധ്യമായതെല്ലാം ചെയ്തു; ആമയിഴഞ്ചാൻ തോട്ടിലെ ജോയിയുടെ മരണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം