കെ ബാബു വെള്ളാപ്പള്ളിയെ പ്രശംസിച്ചതിനെ കുറിച്ച് അറിയില്ലെന്നും സതീശൻ പറഞ്ഞു.
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയാണെന്നും സതീശൻ ആരോപിച്ചു. പിണറായി വിജയൻ പറഞ്ഞു കൊടുക്കുന്നതാണ് വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത്. മത സാമുദായിക നേതാക്കൾ ഇത്തരം പരാമർശങ്ങൾ ഒഴിവാക്കണം. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്താവനകളിൽ നിന്ന് സമുദായ നേതാക്കൾ പിന്മാറണം. വെള്ളാപ്പള്ളിയുടേത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്താവന.
ശ്രീനാരായണഗുരു പറഞ്ഞതിന് വിരുദ്ധമാണ് ജനറൽ സെക്രട്ടറി പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രി ദില്ലിയിൽ പിആർ ഏജൻസികളെ കൊണ്ട് പറയിപ്പിച്ചതാണ്. അന്ന് മലപ്പുറത്തിനെതിരെ വ്യാപകമായ പ്രചാരണം നടത്തിയതാണ്. ഇതെല്ലാം മുഖ്യമന്ത്രി പറഞ്ഞു പറയിപ്പിക്കുന്നതാണ്. വെള്ളാപ്പള്ളി ദയവുചെയ്ത് ഇത്തരം പരാമർശങ്ങളിൽ നിന്ന് പിന്മാറണം. വിദ്വേഷത്തിന്റെ ക്യാമ്പയിൻ ആര് നടത്തിയാലും ജനങ്ങൾ അതിനെ ചോദ്യം ചെയ്യും. കെ ബാബു വെള്ളാപ്പള്ളിയെ പ്രശംസിച്ചതിനെ കുറിച്ച് അറിയില്ലെന്നും സതീശൻ പറഞ്ഞു.
അതുല്യയുടെ മരണം വിശദമായി അന്വേഷിക്കണം. കുടുംബങ്ങളിൽ സ്ത്രീകൾ സുരക്ഷിതരല്ലന്ന സന്ദേശമാണ് നിരന്തരം വരുന്നത്. ഈ വിഷയത്തില്‍ പഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
